ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന് നിര്‍ഭയ പദ്ധതി...അറിയാം വിശദമായി നിര്‍ഭയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന് നിര്‍ഭയ പദ്ധതി...അറിയാം വിശദമായി നിര്‍ഭയ


സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് ‘നിര്‍ഭയ’. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായുമുള്ള ജില്ലാതല നിര്‍ഭയ കമ്മറ്റികളും സംസ്ഥാന തലത്തില്‍ പദ്ധതി സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന ഏതുതരം പീഡനങ്ങള്‍ക്കും, വനിതാകമ്മീഷന്റെ നിലവിലുള്ള ജാഗ്രതാ സമിതികളെ സമീപിച്ച് പരിഹാരം തേടാം. വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

സ്ത്രീകള്‍ക്കെതിരെ മാത്രമായി കുറ്റകൃത്യങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് നിയമത്തിന്റെ പ്രത്യേക സംരക്ഷണം നല്‍കുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് ശിക്ഷയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രീ പോലീസ്, റസിഡന്റസ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ, ലൈംഗിക അതിക്രമങ്ങള്‍ തടയല്‍, ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നവരെ രക്ഷപ്പെടുത്തല്‍, അവരുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയാണ് നിര്‍ഭയയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും പദ്ധതിയുടെ ഭാഗമായി നല്‍കും.

 

പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ‘ക്രൈസിസ് സെല്ലുകള്‍’, കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ ഇടങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക ഇതൊക്കെ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ വരുന്ന കാര്യങ്ങളാണ്. പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക്, വരുമാനദായക സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കും. സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കും.

 

ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവ ഈ നിയമനിര്‍മാണത്തിലൂടെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തവയാണ്.

ലൈംഗിക അതിക്രമവും ചൂഷണവും നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അതില്‍ നിന്ന് പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യമായ നിയമ പരിഷ്‌കാരത്തിന് ‘നിര്‍ഭയ’ നടപടികള്‍ സ്വീകരിച്ചിരിക്കും.