നാളെ നിങ്ങൾക്കും ഈ അവസ്ഥ  വന്നേക്കാം! ഉപേക്ഷിക്കുന്നവരും ഉപേക്ഷിക്കപ്പെടുന്നവരും അറിഞ്ഞിരിക്കണം ഇത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാളെ നിങ്ങൾക്കും ഈ അവസ്ഥ  വന്നേക്കാം! ഉപേക്ഷിക്കുന്നവരും ഉപേക്ഷിക്കപ്പെടുന്നവരും അറിഞ്ഞിരിക്കണം ഇത്

മക്കളാൽ  ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾ ഇന്ന് അത്ര ചുരുങ്ങിയ കാഴ്ചയല്ല. വളർത്തി വലുതാക്കിയ മക്കൾ വഴിയിലും അമ്പലത്തിലുമൊക്കെ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന വാർത്തകൾ നമ്മൾ വേദനയോടെ വായിച്ചിട്ടുണ്ട്. എന്നാൽ അനാഥരാകുന്ന അച്ഛനമ്മമാരുടെ അവകാശങ്ങളെ പറ്റിയും സംരക്ഷണത്തെക്കുറിച്ചും നമ്മുടെ നിയമത്തിലുണ്ട്. 


 തഴയപ്പെടുന്ന മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം (The Maintenance and Welfare of Parents and Senior Citizens Act, 2007) 2007 ഡിസംബറില്‍ ഇന്ത്യയിലും നിലവില്‍വന്നു. നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും 2009 ആഗസ്ത് 29 ന് കേരളത്തിലും വിജ്ഞാപനമായി.

മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം മക്കളുടെയും അവകാശികളുടെയും നിയമപരമായ ബാധ്യതയാക്കുകയാണ് നിയമം ചെയ്യുന്നത.്
അറുപത് കഴിഞ്ഞ അച്ഛനമ്മമാരെയും മുതിര്‍ന്ന പൌരന്മാരെയും അവര്‍ക്ക് സാധാരണ ജീവിതം ജീവിക്കാനാകുവോളം സംരക്ഷിക്കേണ്ടത് മക്കളുടെയും ബന്ധുക്കളുടെയും നിയമപരമായ ചുമതലയാണെന്ന് ആക്ടില്‍ പറയുന്നു.

സ്വന്തം നിലയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്ത ഏത് മുതിര്‍ന്ന വ്യക്തിക്കും ഈ നിയമപ്രകാരം അയാളുടെ/അവരുടെ മക്കളോട് പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. പ്രത്യേകം നിയമിക്കപ്പെടുന്ന ട്രിബ്യൂണല്‍ മുമ്പാകെയാണ് പരാതി നല്‍കേണ്ടത്.സ്വയം പരാതി നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഏതെങ്കിലും വ്യക്തിയോ സന്നദ്ധ സംഘടനയോ മുഖേന അപേക്ഷ നല്‍കാം.

മക്കളെന്ന നിര്‍വ്വചനത്തില്‍ മകന്‍, മകള്‍, ചെറുമകന്‍, ചെറുമകള്‍ എന്നിവരെയാണ് നിയമം ഉള്‍പ്പെടുത്തുന്നത്. മക്കളില്ലാത്തവരുടെ കാര്യത്തില്‍ അവരുടെ സ്വത്തിന് അവകാശികളായി വരാനിടയുള്ള ബന്ധുക്കളാണ് സംരക്ഷിക്കേണ്ടത്. ഒന്നിലധികം ബന്ധുക്കള്‍ സ്വത്തിന് അവകാശികളായി വരുമെങ്കില്‍ അവര്‍ ഓരോരുത്തരും ഉത്തരവാദികളാകും.

 

ഓരോ റെവന്യൂ സബ്ഡിവിഷനിലും സംസ്ഥാനസര്‍ക്കാരുകള്‍ ഈ നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കാനുള്ള ട്രിബ്യുണലുകള്‍ ആരംഭിക്കണമെന്നും വ്യവസ്ഥയുണ്ട്. കേരളത്തില്‍ ആര്‍ഡിഒമാരാണ് ഈ ട്രിബൂണലിന്റെ അധ്യക്ഷന്മാര്‍. സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഈ ട്രിബ്യൂണലിനുണ്ടാകും.

മക്കളോ ബന്ധുക്കളോ മുതിര്‍ന്നവരെ സംരക്ഷിക്കുന്നില്ലെന്ന് പരാതി പരിഗണിക്കുമ്പോള്‍ ബോധ്യമായാല്‍ ട്രിബ്യൂണലിന് പ്രതിമാസ ജീവനാംശം അനുവദിച്ചുള്ള ഉത്തരവിടാം. പരമാവധി തുക സംസ്ഥാന സര്‍ക്കാരിന് നിശ്ചയിക്കാം. എന്നാല്‍ ഇത് 10000 രൂപയില്‍ കൂടാനാകില്ലെന്ന് വ്യവസ്ഥയുണ്ട്.

നിയമപ്രകാരം കേസ് കൊടുക്കാന്‍ അഭിഭാഷകന്റെ ആവശ്യമില്ല. ഇതിനായി ഒരു മെയിന്റനന്‍സ് ഓഫീസറുടെ സഹായം തേടാം. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ് ഈ ചുമതല. അപേക്ഷ പരിഗണിക്കും മുമ്പ് ഒരു ഒത്തുതീര്‍പ്പ് ശ്രമമുണ്ടാകും. ഇതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പരിഗണനക്ക് കേസ് വിടും. (കേരളത്തില്‍ ഈ സമവായ ചുമതല യും മെയിന്റനന്‍സ് ഓഫീസറായ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ്). ഒരുമാസത്തെ സമയവും കൊടുക്കും. അവിടെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ അതിനനുസരിച്ചുള്ള ഉത്തരവായിരിക്കും ട്രിബ്യൂണലില്‍ നിന്നുണ്ടാകുക. കേസുകള്‍ കഴിവതും തൊണ്ണൂറ് ദിവസത്തിനകം തീര്‍പ്പാക്കും. കേസ് പരിഗണനയിലിരിക്കെ ഇടക്കാലാശ്വാസത്തിനും വ്യവസ്ഥയുണ്ട്. അപേക്ഷ നല്‍കിയ തീയതി മുതലോ ഉത്തരവാകുന്ന തീയതി മുതലോ ആണ് ജീവനാംശം അനുവദിക്കാറ്. സാഹചര്യത്തില്‍ മാറ്റം വരുന്നതനുസരിച്ച് തുക മാറ്റിനിശ്ചയിക്കാന്‍ ട്രിബ്യൂണലിന് അധികാരം ഉണ്ട്.
 

ട്രിബ്യൂണലിന്റെ ഉത്തരവുകളിന്മേലുള്ള അപ്പീലുകള്‍ പരിഗണിക്കാന്‍ അധികാരമുള്ള അപ്പലേറ്റ് ട്രിബ്യൂണലുകള്‍ ജില്ലതോറും ഉണ്ടാകും. കേരളത്തില്‍ കലക്ടര്‍മാരാണ് ഈ ട്രിബ്യുണലിന്റെ അധ്യക്ഷന്‍. അപ്പീലുകള്‍ കഴിവതും ഒരുമാസത്തിനകം തീര്‍പ്പാക്കണം.
അനുവദിച്ച ജീവാനാംശം നല്‍കാതിരുന്നാല്‍ മൂന്നുമാസത്തിനകം തുക നല്‍കാന്‍ നിര്‍ദേശം നല്‍കും. ഈ കാലയളവില്‍ നല്‍കിയില്ലെങ്കില്‍ ഒരുമാസമോ പണം കൊടുക്കുന്നതുവരേയോ ജയിലില്‍ അടയ്ക്കാം.

പ്രായമായവരെ സംരക്ഷിക്കാതിരുന്നാല്‍ മൂന്നുമാസം വരെ തടവും അയ്യായിരം രൂപ പിഴയും രണ്ടും കൂടെയോ ശിക്ഷ വിധിക്കാം. സംരക്ഷണം നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മുതിര്‍ന്ന പൌരന്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന സ്വത്തിന്റെ കൈമാറ്റം, വാഗ്ദാനം ലംഘിക്കപ്പെട്ടാല്‍ അസാധുവാക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ജില്ലതോറും 150 പേര്‍ക്കെങ്കിലും താമസ സൌകര്യമുള്ള ഓരോ വൃദ്ധമന്ദിരമെങ്കിലും നിര്‍മ്മിക്കണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന എല്ലാ വൃദ്ധര്‍ക്കും കഴിവതും കിടക്ക ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നു എന്നുറപ്പാക്കേണ്ട ചുമതല ജില്ലാ മജിസ്ട്രേറ്റിനാണ്.


LATEST NEWS