എസ്‌സി, എസ്‌ടി നിയമം ശക്തിപ്പെടുത്താനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്‌സി, എസ്‌ടി നിയമം ശക്തിപ്പെടുത്താനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

എസ്‌സി, എസ്‌ടി നിയമം ശക്തിപ്പെടുത്താനുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് ബില്‍. വിവാദമായ സുപ്രീം കോടതി വിധിയായിരുന്നു മാര്‍ച്ച് 20 ന് പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് പുറപ്പെടുവിച്ചത്. പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വിധി.

എസ്‌സി എസ്ടി നിയമം ലഘൂകരിച്ച സുപ്രീംകോടതിയുടെ വിധി അധികാരപരിധി മറികടന്നുള്ള നിയമ നിര്‍മ്മാണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞത്.  പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്.

ജസ്റ്റിസ് എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. 

വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്‍ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. ഉടന്‍ അറസ്‌റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിധിക്കെതിരെ ദളിത് സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദില്‍ പഞ്ചാബ്, ഒഡിഷ, ഉത്തര്‍പ്രദേശ് തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആദ്യം സമാധാനപരമായി തുടങ്ങിയ ബന്ദ് പിന്നീട് അക്രമാസക്തമാകുകയായിരുന്നു. മധ്യപ്രദേശില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയെങ്കിലും വിധിക്കെതിരായ ബന്ദിലെ അക്രമസംഭവങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.


LATEST NEWS