എന്താണ്  സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് ? വിവാഹ രജിസ്‌ട്രേഷൻ എങ്ങനെ? വിവാഹമോചനം എളുപ്പമാണോ?അറിയാം നിയമങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്താണ്  സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് ? വിവാഹ രജിസ്‌ട്രേഷൻ എങ്ങനെ? വിവാഹമോചനം എളുപ്പമാണോ?അറിയാം നിയമങ്ങൾ

ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ പ്രത്യേക വിവാഹനിയമം 1954ല്‍ നിലവില്‍വന്നു. ഈ നിയമപ്രകാരം സബ് രെജിസ്ട്രാര്‍ ഓഫീസിലെ നിയമിതനായ സബ് രെജിസ്ട്രാറാണ് വിവാഹ ഓഫീസര്‍. ഇന്ത്യന്‍ പൗരത്വമുള്ള ഏതെങ്കിലും ഒരു പുരുഷനും സ്ത്രീക്കും തമ്മില്‍ ഈ നിയമപ്രകാരം വിവാഹിതരാകുന്നതിന് തടസ്സമില്ല.

പ്രത്യേക വിവാഹനിയമപ്രകാരം വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വധൂവരന്മാര്‍ ജിലയിലെ വിവാഹ ഓഫീസര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ നോട്ടീസ് നല്‍കണം. രണ്ടുപേരില്‍ ഏതെങ്കിലും ഒരാള്‍ നോട്ടീസ് തീയ്യതി തൊട്ട് 30 ദിവസം മുമ്പുവരെ താമസിച്ചിരുന്ന ജില്ലയിലെ ഓഫീസര്‍ മുമ്പാകെയാണ് നോട്ടീസ് നല്‍കേണ്ടത്.

നോട്ടീസ് കൈപ്പറ്റിയ ഉടനെ വിവാഹ ഓഫീസര്‍ നോട്ടീസിലെ വിവരങ്ങള്‍ വിവാഹരജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പ്രസ്തുത നോട്ടസുകള്‍ തന്നെ ഓഫീസ് റെക്കോര്‍ഡ്‌കളുടെ ഭാഗമായി സൂക്ഷിക്കുകയും വേണം. ഇത് രെജിസ്റ്റര്‍ ഫീസ്‌ നല്‍കാതെ പരിശോധിക്കുവാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്.

 

വിവാഹനോട്ടീസിന്‍റെ ഒരു പകര്‍പ്പ് ഓഫീസര്‍ കാര്യാലയത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണം. വധൂവരന്മാരില്‍ ഒരാള്‍ വേറെ ജില്ലയില്‍ സ്ഥിരതാമസമുള്ള ആളാണെങ്കില്‍ നോട്ടീസ് സ്വീകരിച്ച ഓഫീസര്‍ പ്രസ്തുത ജില്ലയിലെ ഓഫീസര്‍ക്ക് നോട്ടീസിന്‍റെ ഒരു കോപ്പി അയച്ചുകൊടുക്കുകയും, ആ ഓഫീസര്‍ അത് തന്‍റെ കാര്യാലയത്തില്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

നോട്ടീസില്‍ പറഞ്ഞിട്ടുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിന് ആക്ഷേപമുള്ള ഏതൊരാള്‍ക്കും നോട്ടീസ് പരസ്യംചെയ്ത് 30 ദിവസത്തിനുള്ളില്‍ ഓഫീസര്‍മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്. പ്രത്യേക വിവാഹനിയമത്തിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് വിവാഹം നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കണം ആക്ഷേപം നല്‍കേണ്ടത്. നിയമദൃഷ്ട്യാ ഈ വിവാഹം നടത്തുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അക്കാര്യം ബോധിപ്പിക്കാം. ഇതിനേക്കുറിച്ച് വിവാഹ ഓഫീസര്‍ അന്വേഷണം നടത്തണം. ആക്ഷേപം ശരിയല്ലെന്നുകണ്ടാല്‍ നിയമപ്രകാരം വിവാഹം നടത്തിക്കൊടുക്കാം.

നിബന്ധനകള്‍

 • വിവാഹസമയത്ത് പുരുഷന് ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടായിരിക്കരുത്.
 • വിവാഹത്തിന് സ്വതന്ത്രമായ മനസ്സമ്മതം നിര്‍ബന്ധമാണെന്നിരിക്കെ, അതിന് അയോഗ്യതയുള്ള മനോരോഗികള്‍ക്ക് വിവാഹം ചെയ്യുന്നതിന് തടസ്സമുണ്ട്.
 • മനസ്സമ്മതം നല്‍കുവാനുള്ള കഴിവുള്ളവരാണെങ്കിലും വൈവാഹിക കടമകള്‍ നിറവേറ്റുവാനും കുട്ടികളെ പ്രസവിക്കുവാനും സംരക്ഷിക്കുവാനും കഴിവില്ലാത്ത രീതിയില്‍ മനോരോഗിയാണെങ്കിലും വിവാഹത്തിന് അയോഗ്യതയുണ്ട്.
 • തുടര്‍ച്ചയായുള്ള ചിത്തഭ്രമം അയോഗ്യതയാണ്.

 

 • വിവാഹസമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂര്‍ത്തിയായിരിക്കണം. പങ്കാളികള്‍ നിയമം നിരോധിച്ചിട്ടുള്ള അടുത്ത രക്തബന്ധത്തില്‍പെട്ടവര്‍ ആവരുത്.
 • നോട്ടീസ് നല്‍കിയപ്രകാരം, ഓഫീസര്‍മുമ്പാകെ, മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഓഫീസിലോ, മറ്റേതെങ്കിലും സ്ഥലത്തോവച്ച് വിവാഹം നടത്താവുന്നതാണ്. അതിനുശേഷം വിവാഹ ഓഫീസര്‍ വിവാഹം രെജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്.

 

മറ്റു വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നത്

പ്രത്യേക വിവാഹനിയമപ്രകാരം പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള നിബന്ധനകള്‍ക്കു വിധേയമായി മറ്റേതെങ്കിലും തരത്തില്‍ നടന്നിട്ടുള്ള വിവാഹവും രെജിസ്റ്റര്‍ ചെയ്തുകിട്ടാന്‍ അവകാശമുണ്ട്. അതിനായി:

 • കക്ഷികള്‍ രണ്ടുപേരും രെജിസ്ട്രേഷന് അപേക്ഷിക്കുന്നതിനുമുമ്പുതന്നെ വിവാഹിതരായവരും ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നവരുമായിരിക്കണം.
 • രണ്ടുപേരില്‍ ഏതൊരാള്‍ക്കും ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ, ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടായിരിക്കരുത്.
 • രണ്ടുപേരില്‍ ആരുംതന്നെ രെജിസ്ട്രേഷന്‍ സമയത്ത് മന്ദബുദ്ധിയോ, മനോരോഗിയോ ആയിരിക്കരുത്.

 

 • രെജിസ്ട്രേഷന്‍ സമയത്ത് രണ്ടുപേര്‍ക്കും 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.
 • രണ്ടുപേരും പരസ്പരം നിരോധിക്കപ്പെട്ട അടുത്ത രക്തബന്ധത്തില്‍പെട്ടവരായിരിക്കരുത്.
 • വിവാഹം രെജിസ്റ്റര്‍ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് തൊട്ടുമുമ്പ് 30 ദിവസത്തില്‍ കുറയാത്തകാലം രണ്ടുപേരും ഭാര്യാഭര്‍ത്താക്കന്മാരായി വിവാഹ ഓഫീസറുടെ അധികാരപരിധിയില്‍പ്പെട്ട ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം.

 

 

ദാമ്പത്യബന്ധം പുനസ്ഥാപിക്കാന്‍

പ്രത്യേക വിവാഹനിയമപ്രകാരം വിവാഹിതരായവര്‍ക്ക് വിവാഹപങ്കാളിയുമായി ഒരുമിച്ചുതാമസിക്കുവാനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനും നിയമം അവകാശം നല്‍കുന്നു. വിവാഹപങ്കാളികളില്‍ ആരുംതന്നെ മറ്റേയാളുടെ സഹവാസത്തിനുള്ള അവകാശം നിഷേധിക്കരുത്. ന്യായയുക്തമായ യാതൊരു കാരണവുമില്ലാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ വേര്‍പിരിഞ്ഞു കഴിയുകയാണെങ്കില്‍ ദാമ്പത്യബന്ധം പുനസ്ഥാപിക്കണമെന്ന് കാണിച്ച് കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാം.

 

വിവാഹമോചനം

നിയമം വ്യക്തമാക്കിയിട്ടുള്ള പ്രത്യേക കാരണങ്ങളാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കുവാന്‍ അവകാശമുണ്ട്.

കാരണങ്ങള്‍

ഭാര്യയോ, ഭര്‍ത്താവോ സ്വമനസ്സാലെ വിവാഹശേഷം മറ്റൊരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക, വ്യഭിചാരം നടത്തുക, ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മറ്റേയാളുടെ സമ്മതമില്ലാതെയും ആഗ്രഹത്തിന് വിരുദ്ധമായും ന്യായമായ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി രണ്ടുവര്‍ഷക്കാലം ഉപേക്ഷിച്ചുപോവുക. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യത്തിന് ഏഴുവര്‍ഷമോ, അതില്‍കൂടുതലോ കാലം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് എതിര്‍കക്ഷി എങ്കിലും വിവാഹമോചനം തേടാം. എതിര്‍കക്ഷിയുടെ ക്രൂരമായ പെരുമാറ്റം, ചികിത്സിച്ചു ഭേദമാക്കാനാകാത്തതും കുടുംബജീവിതം അസാധ്യമാക്കുന്നതരത്തിലുള്ളതുമായ മാനസികതകരാറുകള്‍, പകരുന്ന തരത്തിലുള്ള ലൈംഗികരോഗങ്ങള്‍, ചികിത്സിച്ചു ഭേദമാക്കാനാകാത്തതും പകരുന്നതുമായ കുഷ്ഠരോഗം തുടങ്ങിയ പങ്കാളിയുടെ അസുഖം എന്നിവയും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണങ്ങളാണ്. ഏഴുവര്‍ഷമോ അതില്‍കൂടുതലോ കാലമായി ആളെക്കുറിച്ച് വിവരമില്ലാതിരിക്കുന്നതും മറ്റൊരു കാരണമാണ്.

 

സ്ത്രീകള്‍ക്ക് പ്രത്യേക കാരണങ്ങള്‍

 • മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൂടാതെ, ഭാര്യക്ക് താഴെപറയുന്ന കാരണങ്ങളാലും ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാം.
 • വിവാഹശേഷം ഭര്‍ത്താവ് ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ബോധ്യപ്പെട്ടാല്‍.
 • ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള കോടതിനിര്‍ദ്ദേശം ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ദാമ്പത്യം പുനസ്ഥാപിക്കാതിരുന്നാല്‍.
 • ദാമ്പത്യം തകര്‍ന്നുവെന്ന് രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടാല്‍, വിവാഹശേഷം ഒരുവര്‍ഷമോ അതില്‍കൂടുതലോ കാലം വേറിട്ടുതാമസിച്ചുവരുന്ന ദമ്പതികള്‍ക്ക് ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കാം.