പ്രണയം തകരുന്നത്  വിജയമാക്കാൻ ശ്രമിക്കൂ...ബ്രേക്ക് അപ്പ് നിങ്ങളെ എങ്ങനെ മാറ്റുന്നു?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രണയം തകരുന്നത്  വിജയമാക്കാൻ ശ്രമിക്കൂ...ബ്രേക്ക് അപ്പ് നിങ്ങളെ എങ്ങനെ മാറ്റുന്നു?

 പ്രണയ പരാജയവും വിരഹവും ഒന്നും അത്ര നിസാരമായി കരുതി തള്ളിക്കളയേണ്ട. തേച്ചിട്ടു പോയെന്ന് പറഞ്ഞു പഴയ കാമുകനേയോ കാമുകിയേയോ ശപിക്കുകയും വെണ്ട. ഓരോ പ്രണയ പരാജയവും നൽകുന്നത് ജീവിതത്തിലെ വലിയ പാഠങ്ങളാണ്. പ്രണയ പരാജയത്തിലൂടെ മാത്രം മനസിലാകുന്ന  ജീവിത യാഥാർഥ്യങ്ങൾ ഇതാ.

 

നമ്മൾ ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും നമുക്ക് ലഭിക്കുകയില്ല

ആഗ്രഹങ്ങളാണ് സമസ്ത ദുഖങ്ങളുടെയും ഹേതു എന്ന് പണ്ട് ശ്രീ ബുദ്ധൻ പറഞ്ഞിട്ടില്ലേ? അത് പോലെ തന്നെയാണ് കാര്യങ്ങൾ, പ്രണയിക്കുമ്പോൾ നമുക്ക് ഈ ലോകം തന്നെ നേടാനാകും എന്ന ചിന്തയാണ്. അത്രക്ക് ആവേശവും ശക്തിയുമാണ് വാക്കുകളിലും പ്രവർത്തികളിലും. പ്രണയം പരാജയപ്പെടുമ്പോഴാണ് ഇക്കാര്യത്തിൽ നമുക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്. ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും നമുക്ക് ലഭിക്കുകയില്ല എന്ന വലിയ തിരിച്ചറിവ് ജീവിതത്തിൽ ഏറെ പ്രയോജനപ്പെടും.

 

സ്വതന്ത്ര്യ ബോധത്തെ ചോദ്യം ചെയ്യാനാവില്ല

പ്രണയിക്കുമ്പോൾ എന്ന പോലെ തന്നെ പ്രണയം തകരുമ്പോഴും നിങ്ങൾക്ക് പങ്കാളിയുടേത് എന്നല്ല ആരുടേയും സ്വാതന്ത്ര്യ ബോധത്തെ ചോദ്യം ചെയ്യാൻ ആവില്ല. ഓരോ വ്യക്തിക്കും  അവരവരുടേതായ ചിന്തകളും സ്വാതന്ത്ര്യവും ഉണ്ട്. ആയതിനാൽ താത്പര്യമില്ലാത്ത പ്രണയജീവിതത്തിൽ തുടരാൻ ആരെയും നിർബന്ധിക്കാനാവില്ല

 

പ്രണയം കൊണ്ട് മാത്രം ഒരു ബന്ധം നിലനിൽക്കില്ല

പ്രണയം മനുഷ്യനെ അന്ധനാക്കും എന്നാണ് പറയാറ്. കുറെ മുന്നോട്ടു പോയി കഴിയുമ്പോൾ മാത്രമേ പ്രണയത്തിനപ്പുറവും മറ്റു ചില കാര്യങ്ങൾ ഉണ്ട് എന്ന തിരിച്ചറിവ് ഉണ്ടാകൂ. പരസ്പര വിശ്വാസം, കരുണ , കരുതൽ, മനസ്സിലാക്കൽ തുടങ്ങിയ ഘടകങ്ങൾ കൂടാതെ ഒരു ബന്ധവും നിലനിൽക്കില്ല .

 

സ്വന്തം കാര്യം നോക്കി ജീവിക്കാൻ പര്യാപ്തമാകും

ഒട്ടു മിക്ക പ്രണയങ്ങളും മറ്റുള്ളവരുടെ തണലിൽ കഴിയുന്നത് പോലെയാണ്. പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യം. എന്തിനും ഏതിനും കോമ്പ്രമൈസ് ചെയ്യാൻ അവർ തയാറാകും. എന്നാൽ പ്രണയം തകരുന്നതോടെ, അവർ ഫീനിക്സ് പക്ഷിക്ക് തുല്യരാകും . സ്വന്തം കാലിൽ നിൽക്കുവാനും സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ജീവിക്കാനും പിന്നെ വലിയ മിടുക്കായിരിക്കും. 

 

കാര്യമായൊരു മാറ്റം ശരീരത്തിനും ആവശ്യമാണ്

പ്രണയം പരാജയപ്പെട്ടാൽ അൽപസ്വൽപം ടെൻഷൻ ഉണ്ടാകുക സ്വാഭാവികം. ഇത് വെണ്ട രീതിയിൽ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ പിന്നെ സംഗതി കൈവിട്ടു പോകും. ടെൻഷൻ സ്ട്രെസിലേക്കും സ്ട്രെസ് ശാരീരിക ക്ഷീണത്തിലേക്കും തലവേദനയിലേക്കും ഒക്കെ വഴി വയ്ക്കും. അതിനാൽ ഈ സമയത്ത് നല്ല വിശ്രമം അനിവാര്യമാണ്. ജീവിതത്തിലെ മാറ്റത്തിനൊത്ത് ശരീരവും ഒന്ന് മാറട്ടെ.

 

ഉയർന്ന ലക്ഷ്യബോധം

സത്യം പറഞ്ഞാൽ പ്രണയ പരാജയത്തിന് ശേഷമാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാകുന്നത് എന്ന് പറയാം. അതുവരെ പ്രണയത്തിന്റേത് മാത്രമായ ഒരു ലോകത്ത് കഴിഞ്ഞിരുന്നവർക്ക്, തന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട പ്രണയത്തിന് പകരമായി എന്തെങ്കിലും നേടണം എന്ന ചിന്ത വരും . അത് ജീവിതത്തിലെ വലിയ ലക്ഷ്യപ്രാപ്തിയിലേക്ക് വഴി വയ്ക്കും .

 

 

പഴയ ബന്ധങ്ങളിൽ പറ്റിയ തെറ്റുകൾ ഒഴിവാക്കി പുതു ജീവിതം

പ്രണയം തകർന്നു എന്ന് കരുതി അതിൽ എല്ലാം മോശപ്പെട്ട കാര്യങ്ങൾ മാത്രമാണ് നടന്നത് എന്ന് കരുതണ്ട. ഭാവിയിൽ പുതിയ ഇണയെ കണ്ടെത്തുമ്പോഴും പുതിയൊരു ജീവിതം ആരംഭിക്കുമ്പോഴും നാം ഒഴിവാക്കേണ്ട തെറ്റുകൾ നമുക്ക് മുൻകൂട്ടി മനസിലാക്കാൻ സാധിക്കും. മികച്ച ഒരു ജീവിതത്തിനു വഴിവയ്ക്കാൻ ആ പാഠങ്ങൾ നമ്മെ സാഹായിക്കും

മാനസികമായി നിങ്ങൾ ശക്തിപ്പെടും

ഓരോ വീഴ്ചയും ഓരോ പരാജയവും വിജയത്തിന്റെ ഓരോ പുതിയ അധ്യായങ്ങൾ ആണ് എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അതിനാൽ പ്രണയ പരാജയത്തിൽ നിന്നും ഒരു വ്യക്തിക്ക് ലഭിക്കുന്ന ആദ്യ ബോണസ് അവർ മാനസികമായി ഏറെ ശക്തരാകും എന്നതാണ്. സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാനും അതിനനുസൃതമായി പ്രവർത്തിക്കുവാനും ഉള്ള കരുത്ത് അവർക്ക് ലഭിക്കും.

 

യഥാർത്ഥ സുഹൃത്തുക്കളെ നിങ്ങൾ അടുത്തറിയും

കാര്യം എന്തൊക്കെ പറഞ്ഞാലും പ്രണയ പരാജയം അല്പം വിഷമം തരുന്ന കാര്യം തന്നെയാണ്. അപ്പോൾ ഈ വിഷമത്തിൽ നിന്നും നമ്മെ കരകയറ്റാൻ സുഹൃത്തുക്കൾക്ക് സാധിക്കണം. ഈ അവസരത്തിൽ കുറ്റപ്പെടുത്തുന്നവരെയും കട്ടക്ക് കൂടെ നിൽക്കുന്നവരെയും നമുക്ക് സുഹൃത്തുക്കളുടെ ഇടയിൽ നിന്നും കണ്ടെത്താനാകും.