ചില ശീലങ്ങള്‍ മാറ്റാം ചിലത് പതിവാക്കാം; വേനലില്‍ ചുണ്ടുകളെ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചില ശീലങ്ങള്‍ മാറ്റാം ചിലത് പതിവാക്കാം; വേനലില്‍ ചുണ്ടുകളെ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

മുഖസൗന്ദര്യത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നവയാണ് ചുണ്ടുകള്‍. പ്രായം, സൂര്യാഘാതം തുടങ്ങി പല കാരണങ്ങള്‍ ചുണ്ടുകളെ ഇരുണ്ടതാക്കി മാറ്റും.  എന്നാല്‍ ഈ പതിവ് കാരണങ്ങള്‍ മാത്രമല്ല ചുണ്ടുകളെ ഇരുണ്ടാതാക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ള ചില ശീലങ്ങളും ഇതിന് കാരണമാണ്.

ചുണ്ടുകളില്‍ ജലാംശം ഇല്ലാതാകുന്നതാണ് ചുണ്ടുകളുടെ രൂപഭംഗി ഇല്ലാതാക്കുന്ന പ്രധാന കാരണം. ചര്‍മ്മത്തിന് സൂര്യാഘാതം ഏല്‍കാതിരിക്കാന്‍ ക്രീമുകള്‍ ഉപയോഗിക്കുമ്ബോള്‍ ചുണ്ടുകളെ സംരക്ഷിക്കാനുള്ള ലിപ് ബാം ഉപയോഗിക്കാന്‍ പലരും മറക്കാറാണ് പതിവ്. എന്നാല്‍ അപകടകരമായ സൂര്യരശ്മികള്‍ ചുണ്ടുകളില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എസ്പിഎഫ് 30ന് മുകളിലുള്ള ലിപ് ബാമുകളാണ് സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ശീലമാക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

സ്ഥിരമായ പുകവലി ചുണ്ടുകളുടെ രൂപഭംഗി ഇല്ലാതാക്കുന്നു. നിക്കോടിന്റെ കറ ചുണ്ടുകളില്‍ പറ്റിപിടിക്കുന്നത് കാലക്രമേണ ചുണ്ടുകളുടെ നിറം ഇല്ലാതാക്കും. ചുണ്ടുകളുടെ സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാദിയാണ് ഓറഞ്ചുകള്‍. അതുകൊണ്ടുതന്നെ ഓറഞ്ച് ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ലിപ് ബാമുകള്‍ ചുണ്ടുകളെ സംരക്ഷിക്കുന്നതില്‍ ഉത്തമമാണ്.

ചുണ്ടുകള്‍ വരണ്ടതായി തോന്നുമ്ബോള്‍ ഉമിനീരുപയോഗിച്ച്‌ വരള്‍ച്ച മാറ്റുന്നത് അത്ര നല്ല മാര്‍ഗമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനുപകരം ഒരു ലിപ് ബാം കൈയ്യില്‍ കരുതുന്നത് തന്നെയാണ് ഇവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം. ചുണ്ടുകളിലെ തൊലി പൊളിയുന്നതിന്റെ ബുദ്ധിമുട്ട് പലരും അനുഭവിക്കാറുണ്ട്. ചര്‍മ്മത്തിന് എന്നതുപോലെതന്നെ ചുണ്ടുകളും സ്‌ക്രബ് ചെയ്യേണ്ടത് ആവശ്യമാണെന്നാണ് പറയുന്നത്. ഇത്തരത്തില്‍ ചുണ്ടുകള്‍ സ്‌ക്രബ് ചെയ്യാനായി ഒരു ടൂത്ത്ബ്രഷ് ഉപയോഗിക്കാവുന്നതാണ്.