ആരോഗ്യകരമായ വിവാഹ ജീവിതത്തിന് അഞ്ചു കാര്യങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരോഗ്യകരമായ വിവാഹ ജീവിതത്തിന് അഞ്ചു കാര്യങ്ങൾ

1. പങ്കാളിയോടൊത്തു സമയം ചിലവഴിക്കുക,അവരുടെ നല്ല വശങ്ങള്‍ കണ്ടെത്തുക

പങ്കാളിയോടൊത്തു സമയം ചെലവിടുമ്പോള്‍ നിങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കാനും അതു കൊണ്ടു ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യണമെന്നറിയാനും സാധിക്കും. കൂടുതല്‍ സമയം ഒരുമിച്ചു വെറുതെയിരിക്കുകയാണോ അതോ കുറച്ചു സമയം ഗുണനിലവാരമുള്ള ഇടപെടലില്‍ കഴിയുകയാണോ, അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല, ഇത് രണ്ടും ഒരു നല്ല വിവാഹത്തില്‍ ഉണ്ടാകും. പങ്കാളിയുടെ നിങ്ങളെ ആകര്‍ഷിക്കുന്ന സ്വഭാവ സവിശേഷതകളുടെ ഒരു ലിസ്റ്റുണ്ടാക്കുക, അത്  നിങ്ങളെ വീണ്ടും വീണ്ടും പ്രണയത്തിലാകാന്‍ സഹായിക്കും.

2. ആശയവിനിമയത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കൂക

ഒരു ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനുള്ള ആദ്യപടി, എന്താണ് പ്രശ്‌നം എന്ന് മനസ്സിലാക്കി അവ പരസ്പരം ചര്‍ച്ച ചെയ്യലാണ്.പരസ്പരം സംസാരിക്കാനും പറയുന്നത് ശ്രദ്ധിക്കാനുമുള്ള കഴിവാണ് ഒരു നല്ല വിവാഹ ജീവിതത്തിന്റെ അടിത്തറ. നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യം എന്താണ് എന്ന് പങ്കാളിക്ക് അറിയാം എന്ന് ഒരിയ്ക്കലും സങ്കല്പിക്കരുത്. എന്താണ് നിങ്ങളുടെ വിചാരവികാരങ്ങള്‍ എന്ന് പങ്കാളിയോട് തുറന്നു പറയുക. അതുപോലെ പങ്കാളി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. പങ്കാളി പറയുന്ന കാര്യങ്ങള്‍ ശരിക്കു കേള്‍ക്കുവാനും മനസ്സിലാക്കുവാനുമുള്ള കഴിവ് പരിശീലിച്ച് വളര്‍ത്തിയെടുക്കേണ്ട ഒന്ന് തന്നെയാണ്.

3. പൊതുതാല്പര്യങ്ങളും ഇഷ്ടങ്ങളും കണ്ടെത്തുക

അവരവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ തനിയെ ചെയ്യുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ രണ്ടു പേര്‍ക്കും പൊതുവായി  താല്പര്യമുള്ള കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത് നല്ല വിവാഹബന്ധത്തിന് പ്രധാനമാണ്.അത് ഒരു പുതിയ വിഭവം ഒന്നിച്ച് പാകം ചെയ്ത കഴിക്കലോ ഒന്നിച്ച് നടക്കാന്‍ പോകലോ ചീട്ടുകളിക്കലോ ആവാം.

നിങ്ങള്‍ രണ്ടാളും ഒരു പോലെ ആസ്വദിക്കുന്ന, എന്നാല്‍ കുടുംബജീവിതത്തിനു പുറത്തുള്ള, ഒരു കാര്യം കണ്ടെത്തി ഒരുമിച്ച് ആസ്വദിച്ചു ചെയ്യുക എന്നതാണ് ലക്ഷ്യം. സ്‌നേഹമുള്ള അടുപ്പം ശാരീരികബന്ധം ആകണമെന്നില്ല. വൈകാരികമായ അടുപ്പവും ആകാം. പങ്കാളിക്ക് അവരുടെ ചിന്തകളും വികാരങ്ങളും ധൈര്യമായി, നിങ്ങളവരെ കൊച്ചാക്കിയോ കുറ്റപ്പെടുത്തിയോ ചിന്തിക്കില്ല എന്ന ഉറപ്പോടെ പങ്കു വെക്കാന്‍ ഒരു സുരക്ഷിത ഇടം ഒരുക്കിക്കൊടുക്കുന്നത് സ്‌നേഹത്തിന്റെ ഇഴയടുപ്പം കൂട്ടും.

ശാരീരികമായ അടുപ്പവും മാനസികമായ അടുപ്പവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി എപ്പോള്‍, ഏതാണ് കൂടുതല്‍ അനുയോജ്യമായത് എന്നറിഞ്ഞ് പ്രവര്‍ത്തിക്കുക.

4. ആദ്യം സ്വയം മനസിലാക്കുക

മിക്ക ദമ്പതികളും അവരവരെക്കുറിച്ചു തന്നെ ശരിക്കു മനസ്സിലാക്കാതെയാണ് ഒരു ബന്ധം തുടങ്ങുന്നത്. അതു കൊണ്ടു തന്നെ പങ്കാളിയെക്കുറിച്ച് മനസ്സിലാക്കാനും അവര്‍ക്ക് സാധിക്കാറില്ല. എന്താണ് അവന്റെ ഭാവിസ്വപ്നങ്ങള്‍? എന്താണ് അവളുടെ വലിയ ഭയങ്ങള്‍? ഏതു രീതിയിലാണ് അവന്‍ അല്ലെങ്കില്‍ അവള്‍ പ്രണയം കൊടുക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്? പങ്കാളിയെക്കുറിച്ച് പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്തണം എന്നുറപ്പിച്ചാല്‍ അത് ജീവിതകാലം മുഴുവന്‍ അടുപ്പവും സ്‌നേഹവും പങ്കിടാന്‍ സഹായിക്കും.


5. പരസ്പരം ക്ഷമിക്കുക

ദാമ്പത്യത്തില്‍ ക്ഷമാശീലം വളരെ ബുദ്ധിമുട്ടുള്ള, എന്നാല്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്, പ്രത്യേകിച്ചും ആരും പൂര്‍ണരല്ലാത്തതിനാല്‍. പങ്കാളിക്ക് തെറ്റുകള്‍ ചെയ്യുമ്പോള്‍ ക്ഷമയുടെ ഒരു ഇടം കൊടുക്കാന്‍ ശ്രമിക്കുക. കാരണം, നിങ്ങളും തെറ്റുകള്‍ ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ട്. നിങ്ങള്‍ തെറ്റ് ചെയ്താല്‍ ഉടന്‍ തന്നെ മനസ്സിലാക്കി ക്ഷമാപണം ചെയ്യുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും ദാമ്പത്യത്തില്‍ ക്ഷമാശീലം വളര്‍ത്താനും ബന്ധം ദൃഢപ്പെടുത്താനും സഹായിക്കും.