ജീവിതത്തിൽ ആത്മവിശ്വാസം കൂട്ടി വിജയം എങ്ങനെ കൈവരിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജീവിതത്തിൽ ആത്മവിശ്വാസം കൂട്ടി വിജയം എങ്ങനെ കൈവരിക്കാം

ക്രിയാത്മക ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകും. അതിനുളള വഴികൾ.

 

 ലക്ഷ്യങ്ങൾ കാണുക


ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ കാണുക. കുടുംബ ജീവിതം, ജോലി, ബിസിനസ്, ശാരീരിക– മാനസിക ആരോഗ്യം, വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ കാര്യങ്ങൾ എന്നിവയിലൊക്കെ വ്യക്തമായ ലക്ഷ്യങ്ങൾ മനസ്സിൽ കാണുക. ആ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സമയം നിശ്ചയിക്കുക. ഒരു ഡയറിയിൽ കുറിച്ചിട്ട് ഓരോന്നായി പൂർത്തിയാക്കുക.

 

ലക്ഷ്യങ്ങളെ വിഭജിക്കുക


ചിലപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ വലുതാണെന്ന് തോന്നിയേക്കാം. ഉദാഹരണത്തിന് പിഎച്ച്ഡി ചെയ്യുകയാണ് നിങ്ങളെന്ന് കരുതുക. അവിടെ ലക്ഷ്യങ്ങളെ പലതായി വിഭജിക്കുക. ഓരോ ചെറിയ ഭാഗങ്ങൾ ചെയ്യുക. ഇപ്പോൾ തീസീസ് എഴുതേണ്ട ഘട്ടത്തിൽ അതിന് മുമ്പായി ചെയ്യേണ്ട ഡേറ്റാ കളക്ഷനും സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസും മറ്റും പൂർത്തിയാക്കുക. അപ്പോൾ പടിപടിയായി ലക്ഷ്യത്തിലെത്താം. ലക്ഷ്യത്തെ ഒറ്റയടിക്ക് പിടിക്കാൻ നോക്കാതെ ഓരോ ദിവസവും കുറേശ്ശെ കുറേശ്ശെയായി ചെയ്യുക. പലതുളളി പെരുവെളളം എന്നാണല്ലോ ചൊല്ല്.

 

ഉറക്കം വിശ്രമം ആവശ്യത്തിന്

ഉറക്കം, വിശ്രമം എന്നിവ ആവശ്യത്തിന് വേണം. അമിതമായാൽ അമൃതും വിഷമാണ്. എപ്പോഴും ഉറക്കം തൂങ്ങിയിരുന്നാൽ അത് നിങ്ങളുടെ ക്രിയാത്മക ശേഷി നശിപ്പിക്കും. രാവിലെ നല്ല ശുദ്ധവായു ശ്വസിച്ച് അൽപദൂരം നടക്കുക. ആ ഒരു ഊർജം ദിവസം മുഴുവൻ നിങ്ങളുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കും.

 

 പ്രചോദനം അത്യാവശം


ചിലപ്പോൾ വേണ്ടത്ര പ്രചോദനം ലഭിക്കാത്തതുകൊണ്ടാവും ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ. നല്ല പ്രചോദനാത്മക പുസ്തകങ്ങൾ, മഹാന്മാരുടെ ജീവചരിത്രങ്ങൾ എന്നിവ വായിക്കുക, ട്രെയ്നിങ്ങുകളിൽ പങ്കെടുക്കുക, പ്രചോദനാത്മക വീഡിയോകളും പ്രചോദനമേകുന്ന സിനിമകളും കാണുക വഴിയൊക്കെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുളള ഊർജവും പ്രചോദനവും ലഭിക്കും.

 

 

നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക


നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുളള തടസ്സങ്ങളെയും ബുദ്ധിമുട്ടുകളേയും കുറിച്ച് ചിന്തിക്കാതെ, ലക്ഷ്യം നേടിയെടുത്താലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് മനസ്സ് ലക്ഷ്യത്തിലുറപ്പിക്കാനും അലസത മാറ്റി പ്രവർത്തിക്കാനും സഹായിക്കും.

നിഷ്ക്രിയമായാൽ സംഭവിക്കുന്നത്


നിങ്ങൾ അലസതയോടെ പ്രവർത്തിച്ചാൽ ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് പ്രവർത്തിക്കാൻ പ്രേരണ നൽകും.

 

 ഒരു സമയത്ത് ഒന്ന്


ഒരു സമയത്ത് ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യുക. ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ചിന്ത പെട്ടെന്ന് മനസ്സ് മടുപ്പിക്കും. അതോടെ ഒന്നും ചെയ്യാനുളള മൂഡ് ഇല്ലാതാകും. ആകെ മടുപ്പും ക്ഷീണവുമാകും. എന്നാൽ ചെറുതാണെങ്കിലും ഓരോ കാര്യങ്ങൾ പൂർത്തിയാക്കുമ്പോൾ അത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം ലക്ഷ്യത്തോട് അടുപ്പിക്കുകയും ചെയ്യും.

വിഭാവനം ചെയ്യുക


നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം മികച്ച രീതിയിൽ ചെയ്യുന്നതായി ഇടയ്ക്കിടെ മനസ്സിൽ വിഭാവനം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ ഊർജവൽക്കരിക്കും. ഒപ്പം യഥാർഥ ലക്ഷ്യം നേടിയെടുക്കാനുളള ആത്മവിശ്വാസം പകരും.

 

 

മനസ്സിനെ ധൈര്യപ്പെടുത്തുക.


നിങ്ങളേക്കുറിച്ച് തന്നെയുളള നല്ല വാക്കുകൾ ഇടയ്ക്കിടെ മനസ്സിനോട് ആവർത്തിച്ചു പറയുക. പഴയ കാലനേട്ടങ്ങളാവാം. മറ്റുളളവർ നിങ്ങളേക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളാവാം, അത് ഇടയ്ക്കിടെ പറയുന്നത് ശീലമാക്കുക. പഴയ കാലനേട്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഓർമ്മകളും ഇടയ്ക്കിടെ പൊടിതട്ടിയെടുക്കുന്നതും നിങ്ങളേക്കുറിച്ചുളള പോസിറ്റീവ് ചിന്ത വർധിപ്പിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കും.

 

 

നാളത്തേക്ക് മാറ്റിവെയ്ക്കരുത്


ഇന്ന് വേണ്ട നാളെ ചെയ്യാം എന്ന തരത്തിലുളള ചിന്തകളെ മനസ്സിൽ നിന്ന് പിഴുതെറിയുക. ഇപ്പോൾ ചെറുതായെങ്കിലും തുടക്കമിടാം എന്ന് ചിന്തിക്കുക. പ്രവർത്തിക്കുക.

വിജയികളിൽ നിന്ന് പാഠം പഠിക്കുക


ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം വരിച്ചവർ എങ്ങനെ പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കുക. നല്ല ആളുകളുമായി സംസർഗം പുലർത്തുക. ഇത് വിജയികളുടെ ശീലങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.