മോഹിപ്പിക്കുന്ന വിലയില്‍ മാരുതി ഇംഗ്നിസ്

പുതുവര്‍ഷത്തില്‍ മാരുതി ഏറെ പ്രതീക്ഷയോടെ പുറത്തിറക്കുന്ന ഇംഗ്നിസിന്റെ ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വെബ്‌സൈറ്റില്‍ 11,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം.

ബലോനോയ്ക്കും എസ്‌ക്രോസിനും ശേഷം നെക്‌സയിലൂടെ നിരത്തിലെത്തുന്ന കമ്പനിയുടെ മൂന്നാമത്തെ വാഹനമാണിത്. ജനുവരി 13ന് ഔദ്യോഗികമായി ഇഗ്‌നിസ് അവതരിപ്പിക്കും. ആദ്യഘട്ട ബുക്കിങ്ങില്‍ 4 മുതല്‍ 8 ആഴ്ച വരെയാണ് വെയ്റ്റിങ് പിരീഡ്. പെട്രോള്‍ പതിപ്പിന് ആറു മുതല്‍ ഏഴ് ആഴ്ച്ച വരെയും ഡീസല്‍ പതിപ്പിന് ഏഴു മുതല്‍ എട്ടു ആഴ്ച്ചവരെയുമാണ് കാത്തിരിപ്പ് പരിധി. ഓട്ടമാറ്റിക്ക്, മാനുവല്‍ വകഭേദങ്ങളില്‍ പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്. പതിനൊന്ന് വകഭേദങ്ങളിലായി ഒമ്പത് കളറുകളില്‍ ഇഗ്‌നിസ് ലഭിക്കും.

മാരുതിയുടെ ആദ്യ ക്രോസ്ഓവര്‍ എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ഇഗ്‌നിസിന് മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 4.5 ലക്ഷം മുതല്‍ 8 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഇഗ്‌നിസ് നിര്‍മാണ നിലവാരത്തിലും ഫീച്ചറുകളിലും മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരിക്കും.

ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഗ്‌നിസില്‍ സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി എയര്‍ബാഗ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ എന്നിവയുണ്ടാകും. ഹര്‍മെന്‍ കര്‍ഡോണ്‍ മ്യൂസിക് സിസ്റ്റമായിരിക്കും കാറില്‍. ഹര്‍മെന്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ മാരുതി വാഹനവും ഇഗ്‌നിസ് തന്നെ. സ്മാര്‍ട്‌ഫോണ്‍ ഇന്റഗ്രേറ്റ് ചെയ്യാവുന്ന മ്യൂസിക് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍പ്ലെയുമുണ്ടാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.