സംഘര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ടു.പട്ടണക്കാട് ഭജനത്തറ അശോകന്റെ മകന്‍ അനന്ദു അശോകന്‍ (17) ആണ് മരിച്ചത്. വയലാര്‍ നീലിമംഗലം ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി 11 നായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചേര്‍ത്തല 

 

പൊലീസ് രണ്ടുപേരെ പിടികൂടി.ക്ഷേത്ര ഉത്സവത്തിന് എത്താതിരുന്ന അനന്തുവിനെ ചില സുഹൃത്തുക്കള്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.വിദ്യാര്‍ഥിയെ ബോധപൂര്‍വം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. 

യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു വെള്ളിയാഴ്ച ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍ഡിഎഫ് ജില്ലാ യോഗം തീരുമാനിച്ചു. 

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അനന്തു അടുത്തിടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം ആരോപിക്കുന്നുണ്ട്. കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന ചിലര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. എന്നാല്‍ പോലീസ് രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം  പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.