പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന് മാധ്യമപ്രവര്‍ത്തകര്‍

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന് മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പുകയില നിയന്ത്രണത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മാധ്യമ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നു വന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വാങ്ങല്‍ ശേഷിയും കുറയ്ക്കുന്നതിന് പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി പുകയില വിരുദ്ധ സംഘാടക സമിതി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കേസരി മെമ്മോറിയല്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ചര്‍ച്ച സംഘടിപ്പിച്ചത്.

  പുകയിലയുടെ നികുതി വര്‍ദ്ധിപ്പിച്ചാല്‍ ഇതിന്റെ ലഭ്യത കുറയുകയും ഖജനാവിലേക്ക് കാശ് കൂടുതലായി എത്തുകയും ചെയ്യും. ഇത്തരത്തില്‍ ലഭ്യമാകുന്ന പണം പൊതുജന ആരോഗ്യത്തിനായി ഉപയോഗിക്കാനുമാകുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ.പി.പി. ജെയിംസ് പറഞ്ഞു. മാധ്യമങ്ങള്‍ പുകയിലയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനായി വേണ്ടത്ര പ്രധാന്യം നല്‍കുന്നില്ലെന്ന വസ്തുതയും അദ്ദേഹം സമ്മതിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്നാല്‍ ഉയര്‍ന്ന തലത്തിലെ നയരൂപീകരണത്തിനായി സ്വാധീനം ചെലുത്താനാകുമെന്ന് ദ ഹിന്ദു ബിസിനസ് ലൈന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ശ്രീ. വിന്‍സണ്‍ കുര്യന്‍ പറഞ്ഞു. പുകയില നിയന്ത്രണ നിയമങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും അത് നടപ്പില്‍ വരുത്താനുമുള്ള രാഷ്ട്രീയ താല്‍പര്യം ഉണ്ടാകണമെന്നു അദ്ദേഹം പറഞ്ഞു. പുകയില ഉപഭോഗം കുറയ്ക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി ശ്രീ സുരേഷ് വെള്ളിമംഗലം പറഞ്ഞു. ഇന്ത്യന്‍ ഡയബറ്റിക്‌സ് എജ്യൂക്കേഷന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ശ്രീജിത് എന്‍. കുമാര്‍ ചര്‍ച്ചയുടെ മോഡറേറ്ററായിരുന്നു.

  പുകയില നിയന്ത്രണത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് മോധാവിയും പുകയില വിരുദ്ധ സംഘാടക സമിതി ചെയര്‍മാനുമായ ഡോ.കെ.ആര്‍ തങ്കപ്പന്‍ സംസാരിച്ചു. പുകയിലജന്യ രോഗങ്ങളാല്‍ ലോകത്താകമാനം പ്രതിവര്‍ഷം 50 മുതല്‍ 60 ദശലക്ഷം ആളുകള്‍വരെ മരിക്കുന്നുണ്ട്. മരിക്കുന്നവര്‍ക്കു പകരമായി പുതിയ പുകയില ഉപഭോക്താവിനെ കണ്ടെത്തുകയാണ് പുകയില വ്യവസായത്തിന്റെ പ്രധാന ലക്ഷ്യം. അവര്‍ ജനങ്ങളെ പറ്റിക്കുന്നതിനായി മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നുണ്ട്. ടെലിവിഷനിലൂടെയും സിനിമകളിലൂടെയുമുള്ള പുകയില ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള പ്രചാരം പുകവലി ആരംഭിക്കുന്നതിനു പ്രേരിപ്പിക്കുന്നതാണ്.

  തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ഡോ.ആര്‍ ജയകൃഷ്ണന്‍, റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്‍ ഓണററി സെക്രട്ടറി ഡോ.ബാബു മാത്യു എന്നിവര്‍ സംസാരിച്ചു.

  വോയിസ് ഓഫ് ടുബാക്കോ വിക്ടിംസ് പ്രചരണ പരിപാടിയിലെ അംഗവും പുകയില ഉപഭോക്താവുമായിരുന്ന ശ്രീ സുകുമാരന്‍ പുകയില ഉപയോഗം തനിക്കു വരുത്തിയ വിപത്തിനെക്കുറിച്ച് അനുഭവം പങ്കുവച്ചു. പാല്‍ക്കച്ചടവടക്കാരനായ ഇദ്ദേഹം പ്രതിദിനം വളരെ അധികം ബീഡികള്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ ബീഡിയുടെ വില ഉയര്‍ന്നതായിരുന്നുവെങ്കില്‍ താന്‍ അത് വാങ്ങി ഉപയോഗിക്കില്ലായിരുന്നെന്ന് അദ്ദേഹം പറയുന്നു.

  മാതൃഭൂമി ന്യൂസിലെ ശ്രീമതി എന്‍ ശ്രീജ പരിപാടികളുടെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു.

 

  കേരള ആരോഗ്യ വകുപ്പും ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസും റീജിയണല്‍ കാന്‍സര്‍ സെന്ററും പുകയില നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന കളുമാണ് പുകയില വിരുദ്ധ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സംഘാടക സമിതിക്കു കീഴില്‍ കൈകോര്‍ക്കുന്നത്.


LATEST NEWS