ചിരന്തന-യുഎഇ എക്സ്ചേഞ്ച് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിരന്തന-യുഎഇ എക്സ്ചേഞ്ച് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: ചിരന്തന-യുഎഇ എക്സ്ചേഞ്ച് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരള ചലചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം വണ്‍ഇന്ത്യാ ഗള്‍ഫ് കറസ്പോണ്ടന്റ് മുഹമ്മദ് തന്‍വീറിനു ലഭിച്ചു. പത്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ദുബായ് റിപ്പോര്‍ട്ടര്‍ കെസി രഹന അര്‍ഹയായി. ചാനല്‍ വിഭാഗത്തില്‍ എന്‍ടിവി ന്യൂസ് ഹെഡ് സുരേഷ് വെള്ളിമുറ്റം, ജയ്ഹിന്ദ് ടിവി ക്യാമറാമാന്‍ ശ്രീജിത്ലാല്‍, ഏഷ്യാനെറ്റ് ക്യാമറാമാന്‍ സുജിത് സുന്ദരേശന്‍ റേഡിയോ വിഭാഗത്തില്‍ ഗോള്‍ഡ് എഫ്.എം റേഡിയോ സീനിയര്‍ വാര്‍ത്താ അവതാരകന്‍ റോയ് റേഫേല്‍, ഹിറ്റ് എഫ്.എം ന്യൂസ് ഡയറക്ടര്‍ ഷാബു കിളിത്തട്ടില്‍ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

ഗള്‍ഫ് പ്രവാസികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അധികാരികളിലെത്തിക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ജനശ്രദ്ധയിലെത്തിക്കുവാനും ഇവര്‍ നടത്തിയ പരിശ്രമങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്ന് ജൂറി കണ്ടെത്തി. സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ് ഈ മാസം അവസാനം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.