വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ബോംബെ ഐഐടിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടെ ഉള്‍പ്പടെയുള്ള ഉപ്പില്‍ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തി. അതിസൂക്ഷ്മ പ്ലാസ്റ്റിക് തരികളാണ് കണ്ടത്. ഇവയുടെ വ്യാസം അഞ്ച് മില്ലീമീറ്ററിലും കുറവാണ്.
ഐഐടി ബോംബെയിലെ സെന്റര്‍ ഫോര്‍ എന്വയണ്മെന്റല് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലെ രണ്ടംഗ സംഘം പരിശോധിച്ച സാമ്പിളുകളില്‍ 626 എണ്ണത്തിലും അതിസൂക്ഷ്മ പ്ലാസ്റ്റിക് ഉണ്ടായിരുന്നു. ഇവയില്‍ 37 ശതമാനം നാരുകളുടെയും 63 ശതമാനം ഫാഗ്മെന്റുകളുടെയും രൂപത്തിലായിരുന്നു. വീട്ടാവശ്യത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപ്പു നിര്‍മിക്കുന്നതില്‍ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷ്യശൃംഖലയില്‍ മൊക്രോപ്ലാസ്റ്റിക്കിന്റെ സാനിധ്യം കൂടുന്നതിനെക്കുറിച്ച് ഗൗരവമായ പഠനം നടത്തേണ്ടതുണ്ടെന്നു ഗവേഷകര്‍ പറയുന്നു.
ഒരു കിലോ ഉപ്പ് പരിശോധിച്ചതില്‍ 63.76 മൈക്രോഗ്രാം (0.063 മില്ലിഗ്രാം) അതിസൂക്ഷ്മ പ്ലാസ്റ്റിക് (മൈക്രോപ്ലാസ്റ്റിക്) ഉണ്ടെന്നു കണ്ടു. ഇന്ത്യക്കാരനായ ഒരു വ്യക്തി ദിവസം അഞ്ചു ഗ്രാം ഉപ്പു കഴിച്ചാല്‍തന്നെ ഒരു വര്‍ഷം ഉള്ളില്‍ ചെല്ലുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 0.117 മില്ലിഗ്രാം ആണെന്നു പഠനം പറയുന്നു.