യു.എസിലെ വെര്‍ജീനിയയില്‍ രണ്ട് സംഭവങ്ങളിലായി മൂന്ന് മരണം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു.എസിലെ വെര്‍ജീനിയയില്‍ രണ്ട് സംഭവങ്ങളിലായി മൂന്ന് മരണം.

വാഷിംഗ്ടണ്‍: യു.എസിലെ വെര്‍ജീനിയയില്‍ രണ്ട് സംഭവങ്ങളിലായി മൂന്ന് മരണം. വെളുത്തവര്‍ഗ്ഗക്കാരായ ദേശീയവാദികള്‍ നടത്തിയ പ്രതിഷേധ റാലിക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കുണ്ട്. മറ്റൊരിടത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.പൈലറ്റും പോലീസ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്.

വെള്ളക്കാരുടെ  പ്രതിമകള്‍ നീക്കം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയില്‍ കാര്‍ പഞ്ഞുകയറിയത്. വെര്‍ജീനയിലെ ഷാര്‍ലെറ്റ്വില്ലെയിലാണ് സംഭവം. 

സംഭവത്തെ അപലപിച്ച മേയര്‍ മൈക്ക് സിംഗര്‍ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ ആഹ്വാനം ചെയ്തു. കാര്‍ ഓടിച്ചിരുന്നയാളെ  പോലീസ് അറസറ്റ് ചെയ്തു. എന്നാല്‍, അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.പരിക്കേറ്റവരെ വെര്‍ജീനിയ മെഡിക്കല്‍ സെന്റര്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഇന്ന് രാവിലെയുണ്ടായ മറ്റൊരാക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. സമരക്കാരും പ്രതിപക്ഷവും തമ്മിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറിയത്.

19-ാം നൂറ്റാണ്ടില്‍ അമേരിക്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ സൈന്യത്തെ നയിച്ച ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരേയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്.