17കാരനൊപ്പം  നാടുവിട്ട 24കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

17കാരനൊപ്പം  നാടുവിട്ട 24കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

കുഞ്ഞിനെ ഉപേക്ഷിച്ച് 17കാരനായ കാമുകനൊപ്പം വീടുവിട്ട 24കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്.

തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി ചൊവ്വാഴ്ച തിരിച്ചുപോയി. മൂന്നുവയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. ഭര്‍തൃവീട്ടില്‍ എത്താത്തതിനാല്‍ യുവതിയുടെ വീട്ടുകാര്‍ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. 17കാരനെ കാണാനില്ലെന്നു കാണിച്ച് പിതാവ് വടക്കഞ്ചേരി പൊലീസിലും പരാതി നല്‍കിയിരുന്നു.

ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു. വിമാനത്തില്‍ ബംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. ടാക്‌സിയില്‍ കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി. യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്പിച്ച് ഇവര്‍ നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്പതി കേശവന്‍പാറയ്ക്കുസമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികള്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കിയശേഷം പിതാവിനെ ഏല്പിച്ചു.