കെ മുരളീധരന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ മുരളീധരന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷ നേതാവിനെ പരോക്ഷമായി പരിഹസിച്ചു കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. മുരളീധരന്റെ വീട് നില്‍ക്കുന്ന കോഴിക്കോട് ബിലാത്തികുളം ബൂത്തില്‍ സമീപകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്നിലായിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ ആരോപിച്ചു.

പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നോട്ടുപോയപ്പോഴും സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ടുപോയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു.ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ് പുറകോട്ട് പോയിരുന്നു. പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഭാവിയിലും ഈ അനുഭവം ആവര്‍ത്തിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുരളീധരന്റെ വീട് നില്‍ക്കുന്ന കോഴിക്കോട് ബിലാത്തികുളം ബൂത്തില്‍ ബിജെപിയാണ് വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു എന്നും എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ചെന്നിത്തലയെ വിമര്‍ശിക്കാനുളള അര്‍ഹത മുരളീധരന് ഇല്ലെന്നും സുബ്രഹ്മണ്യന്‍ വിമര്‍ശിച്ചു.

അതേസമയം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരന്റെ പേരും പരിഗണനയിലുണ്ടെന്ന് വിവരങ്ങള്‍ ലഭിക്കുന്നു. ഘടകക്ഷികള്‍ക്ക് സ്വീകാര്യനായ ഒരു നേതാവ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വരണം എന്ന അഭിപ്രായമാണ് മുരളീധരന് സാധ്യതയേറാന്‍ കാരണം എന്നറിയുന്നു.  കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഹൈക്കമാന്റിന്റെ പരിഗണനയിലെന്ന് സൂചന. 


LATEST NEWS