സുധീരനെ നിലയ്ക്കു നിർത്തണമെന്ന് എ ഗ്രൂപ്പ്; പാർട്ടിയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഹൈക്കമാൻഡിനു പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുധീരനെ നിലയ്ക്കു നിർത്തണമെന്ന് എ ഗ്രൂപ്പ്; പാർട്ടിയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഹൈക്കമാൻഡിനു പരാതി

രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത പടലപിണക്കങ്ങൾ തുറന്ന പോരിലേക്ക് നീങ്ങുന്നു. വി.എം.സുധീരനെതിരെ എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കും. സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. പരസ്യപ്രസ്താവന വിലക്കിയിട്ടും നേതൃത്വത്തിനെതിരെ ഇന്നലെയും സുധീരൻ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രതികരിച്ചതോടെയാണ് പരാതികൊടുക്കാൻ തയ്യാറായത്. 

പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുകയാണ് സുധീരന്റെ ലക്ഷ്യമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. പരസ്യപ്രസ്താവനയുടെ പേരില്‍ സുധീരനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. രാഷ്ട്രീയകാര്യസമിതിയിലും കെപിസിസി നേതൃയോഗത്തിലും അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരം കിട്ടിയ സുധീരന്‍ വിലക്കു ലംഘിച്ചു പരസ്യപ്രസ്താവന നടത്തിയതു ശരിയായില്ല എന്നാണ് മറ്റു നേതാക്കളുടെ നിലപാട്. പിസിസി പ്രസിഡന്‍റായിരുന്ന ആളാണെന്നെങ്കിലും വിചാരിക്കണമായിരുന്നു. അനാരോഗ്യം കാരണമാണ് പ്രസിഡന്റ് പദം രാജിവച്ചതെന്ന് ഒരിക്കല്‍ പറയുകയും മറ്റൊരിക്കല്‍ അതിന്റെ പേരില്‍ നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ് സുധീരൻ ചെയ്യുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി.

നേരത്തെ, ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചതെന്നായിരുന്നു സുധീരന്റെ പ്രസ്‌താവന.  ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താന്നെന്നും സുധീരന്‍ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം നേരെചൊവ്വെ കൊണ്ടു പോകാന്‍ ഗ്രൂപ്പ് നേതാക്കള്‍ തടസ്സമായിരുന്നു. സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോയി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാജിവക്കുകയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

തൃശൂര്‍ പോലുള്ള ജില്ലകളില്‍ താഴെ തട്ടില്‍ മികച്ച രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവര്‍ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. 

ഗ്രൂപ്പിന്‍റെ അതിപ്രസരമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ താന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു. നാല് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനിന്ന് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കട്ടെ എന്ന് താന്‍ അഭിപ്രായപ്പെട്ടതാണ്. പക്ഷേ, ഗ്രൂപ്പ് നേതാക്കന്മാര്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയാറായില്ല. തന്‍റെ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് മത്സര രംഗത്തേക്ക് കടന്നുവരാന്‍ സാഹചര്യം ഒരുക്കാമായിരുന്നു. ഇതെല്ലാം ഗ്രൂപ്പ് നേതാക്കള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും സുധീരന്‍ ആരോപിച്ചു.

അതേസമയം, വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനും സുധീരന്റെ നീക്കങ്ങള്‍ തടസമാകുമെന്ന് എ, ഐ നേതാക്കള്‍ പറയുന്നു.


LATEST NEWS