കോൺഗ്രസ് ബന്ധം: സിപിഎമ്മില്‍ പൊട്ടിത്തെറി, തന്റെ രേഖ തള്ളിയാല്‍ രാജിവെക്കുമെന്ന് യെച്ചൂരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോൺഗ്രസ് ബന്ധം: സിപിഎമ്മില്‍ പൊട്ടിത്തെറി, തന്റെ രേഖ തള്ളിയാല്‍ രാജിവെക്കുമെന്ന് യെച്ചൂരി

കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത.  തന്റെ രേഖ വോട്ടിനിട്ട് തള്ളുകയാണെങ്കില്‍ ജന. സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് സീതാറാം യെച്ചൂരി പിബിയെ അറിയിച്ചു. രാജിവെക്കരുതെന്ന് പിബി ആവശ്യപ്പെട്ടു. രാജി വയ്ക്കുന്നത് മോശം പ്രവണത ഉണ്ടാക്കുമെന്നും പി.ബി വ്യക്തമാക്കി. കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റേയും നിലപാടുകൾ രണ്ട് തട്ടിൽ നിന്നതാണ് ഭിന്നതയ്ക്ക് കാരണം.

ഇന്നത്തെ വോട്ടെടുപ്പില്‍ ഫലം കാരാട്ട് പക്ഷത്തിന് അനുകൂലമാണെങ്കില്‍, രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് തയാറാക്കിയ ഭാഗമാവും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക. വോട്ടെടുപ്പിലൂടെ തന്റെ നിലപാട് പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് ഇന്നലെ കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സീതാറാം യെച്ചൂരി വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ ധാരണയ്ക്ക് സാധ്യതകള്‍ തുറന്നിടണം എന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. കേന്ദ്രകമ്മറ്റി ചര്‍ച്ചകളില്‍ പങ്കെടുത്ത 61 പേരില്‍ 27 അംഗങ്ങള്‍ മാത്രമേ ഈ നിലപാടിനെ പിന്തുണച്ചുള്ളു. 

കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണയ്ക്കുന്ന വി.എസ്. അച്യുതാനന്ദന്റെ കുറിപ്പ് മാറ്റി നിര്‍ത്തിയാല്‍ കേരള ഘടകവും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. 


LATEST NEWS