അകം പുകയുന്നത് പുറം അറിയുന്നു: ബംഗാളില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അകം പുകയുന്നത് പുറം അറിയുന്നു: ബംഗാളില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയ്ക്കുള്ളിലെ ഭിന്നത തുറന്ന വാക്ക് തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നു.ലോകസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസാണ് സംസ്ഥാന അധ്യക്ഷനെതിരായ ഭിന്നത പരസ്യമാക്കിയത്.
 
സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം ചോദ്യമുയര്‍ത്തി. ഇപ്പോഴത്തെ രീതി മാറ്റി എന്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. 'ജനാധിപത്യത്തെക്കുറിച്ച് വാചാലമാകുന്ന പാര്‍ട്ടിയാണ് ബിജെപി. പിന്നെ എന്തുകൊണ്ടാണ് പാര്‍ട്ടി അതിന്റെ സംസ്ഥാന അധ്യക്ഷനെ വോട്ടെടുപ്പിലൂടെ കണ്ടെത്താത്തതെന്നും' അദ്ദേഹം ചോദിക്കുന്നു.
 
ഇതിനുത്തരം പറയേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണെന്നും അദ്ദേഹം പറഞ്ഞു. 'കോണ്‍ഗ്രസ് പോലെയല്ല, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അമിത് ഷാ തന്നെ പറയാറുള്ളത്, ബിജെപിയില്‍ ഏതൊരു സാധാരണക്കാരനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആകാന്‍ കഴിയുന്നുവെന്നാണ്.
 
2007 മുതല്‍ ബിജെപിയെ പഠിക്കുന്ന ആളാണ് താന്‍. സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കാന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ സൂറത്തില്‍ പോയിട്ടുണ്ട്. എനിക്ക് ഏറെ മതിപ്പ് തോന്നി. പക്ഷേ 2016 ല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം ബംഗാളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കണ്ട് ഞാന്‍ തന്നെ ഞെട്ടി-ബോസ് പറയുന്നു.
 
ലക്ഷ്യമോ ഫലമോ ഇല്ലാതെ ബിജെപി വഴി തെറ്റുകയാണ്. ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പാര്‍ട്ടിക്ക് ആയിട്ടില്ല. ബംഗാളില്‍ മുന്നേറ്റമുണ്ടാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരിയുടെ പേരക്കുട്ടി കൂടിയായ ബോസ് പറയുന്നു.
 
ചൊവ്വാഴ്ചത്തെ ട്വീറ്റിലും നേതൃപ്രശ്‌നം പരിഹരിക്കാന്‍ തിരഞ്ഞെടുപ്പാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്.

 

LATEST NEWS