പാര്‍ട്ടിയില്‍ അധികപ്പറ്റായതുകൊണ്ടാണോ നേതൃയോഗത്തിലേക്ക് വിളിക്കാതിരുന്നതെന്ന് കെ മുരളീധരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാര്‍ട്ടിയില്‍ അധികപ്പറ്റായതുകൊണ്ടാണോ നേതൃയോഗത്തിലേക്ക് വിളിക്കാതിരുന്നതെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തില്‍ ക്ഷണിക്കാത്തതിനെതിരെ പൊട്ടിത്തെറിച്ച്‌ കെ മുരളീധരന്‍ എംഎല്‍എ. പാര്‍ട്ടിയില്‍ അധികപ്പറ്റായതുകൊണ്ടാണോ നേതൃയോഗത്തിലേക്ക് വിളിക്കാതിരുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കെപിസിസി മുന്‍പ്രസിന്റൂമാരെ യോഗത്തിന് വിളിക്കുന്നതാണ് പതിവ്. പതിവനുസരിച്ച് യോഗത്തിന് പോകാന്‍ തയ്യാറെടുത്തിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ നേതൃത്വം ചെയ്തത് തെറ്റാണ്. ഞങ്ങള്‍ പാര്‍ട്ടിക്ക് അധികപ്പറ്റാണോ എന്നത് നേതാക്കന്‍മാര്‍ തന്നെ വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. അഭിപ്രായ വത്യാസം തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരണത്തിനില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ മണ്ഡലം കേന്ദ്രീകരിച്ച്‌ മാത്രം തെരഞ്ഞടുപ്പ് പ്രചാരണം നടത്തുവെന്ന് ഹൈക്കമാന്റിനെ എഴുതി അറിയിക്കുമെന്ന് കെ മുരളധീരന്‍ പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്ത് നടന്ന കെപിസിസി നേതൃ യോഗത്തില്‍ വി.എം സുധീരനെയും കെ മുരളീധരനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. രാജ്യസഭാ സീറ്റ് വിവാദത്തിലടക്കം നിലപാട് പരസ്യമാക്കിയവരാണ് ഇരുവരും. ഇതുകൊണ്ടാണ് യോഗത്തിന് ക്ഷണിക്കാതിരുന്നതെന്നാണ് വിവരം. കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷൻമാർ, പാർലമെന്‍ററി പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കവും സംസ്ഥാന സർക്കാരിനെതിരായ സമര പരിപാടികളുടെ ആസൂത്രണവുമായിരുന്നു അജണ്ട. 

കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനും രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതില്‍ സുധീരന്‍ തുടക്കം മുതലേ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മാണിക്ക് സീറ്റ് നല്‍കിയത് അപകടങ്ങളുണ്ടാക്കുമെന്ന പ്രസ്‌താവനയുമായി കെ.മുരളീധരനും പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ, തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ദില്ലി മലയാളി ശ്രീനിവാസന്‍ കൃഷ്ണനെ നിയമിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെയും വിമർശനവുമായി സുധീരന്‍ രംഗത്തെത്തിയിരുന്നു. 

വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് മുന്‍പ്രസിഡന്റ് മാരെ ആരെയും വിളിക്കാതിരുന്നതെന്നാണ് സൂചന. സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ അഗവണിച്ച്‌ അപ്രസക്തമാക്കാനും പരിപാടികളില്‍ നിന്ന് ഒഴിവാക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ് ചേരുന്നതെന്നും കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമെ ഡി.സി.സി പ്രസിഡന്റുമാരേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളേയും മാത്രമാണ് വിളിച്ചിട്ടുള്ളതെന്നുമാണ് നേതൃത്വത്തിന്റ വിശദീകരണം.


LATEST NEWS