കേരളം വീണ്ടും ഉറ്റുനോക്കുന്നത് കണ്ണൂര്‍ രാഷ്ട്രീയമോ?  അഴീക്കോട് ശ്രദ്ധ്രാ കേന്ദ്രമാകുന്നു; കാത്തിരിക്കുന്നത് തെരഞ്ഞെടുപ്പോ നിയമപോരാട്ടമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളം വീണ്ടും ഉറ്റുനോക്കുന്നത് കണ്ണൂര്‍ രാഷ്ട്രീയമോ?  അഴീക്കോട് ശ്രദ്ധ്രാ കേന്ദ്രമാകുന്നു; കാത്തിരിക്കുന്നത് തെരഞ്ഞെടുപ്പോ നിയമപോരാട്ടമോ?

അഴീക്കോട് കണ്ണൂര്‍ രാഷ്ട്രീയം കേരളത്തില്‍ ഇന്ന് ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.ചുടു ചൂടുപിടിക്കുകയാണ് അഴീക്കോട് രാഷ്ട്രീയവും,തെരഞ്ഞെടുപ്പും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു അഴീക്കോട്. ഇതോടെ കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ അഴീക്കോട് അന്നേ ചര്‍ച്ചാവിഷയമായി മാറുകയായിരുന്നു.മാധ്യമ കണ്ണുകളും അന്ന് അഴീക്കോട്ടേയ്ക്കായിരുന്നു തിരിഞ്ഞിരുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേയ്‌ക്കൊരു എത്തിനോട്ടം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുവശത്ത് വാശിയേറിയ പോരാട്ടം നടന്നപ്പോഴും ആ പോരാട്ടത്തില്‍ ആകര്‍ഷണമായി മുന്നേറിയത് ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ തന്നെയായിരുന്നു. രാഷ്ട്രീയത്തിലെ തീപ്പൊരിയായിരുന്ന എം വി രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ്‌കുമാര്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നതോടെ കൂടുതല്‍ മാധ്യമ ശ്രദ്ധയും അഴീക്കോട് പിടിച്ച് പറ്റി.ഇതോടെ അന്നും കണ്ണൂര്‍ രാഷ്ട്രീയം ചര്‍ച്ചാ വിഷയം തന്നെയായിരുന്നു. 

അന്ന് സിപിഎമ്മും ഇടത് മുന്നണിയും എടുത്ത തീരുമാനമായിരുന്നു മുസ്ലീലീഗിലെ യുവാക്കളുടെ പ്രിയ നേതാവായ മികച്ച പ്രാസംഗികനായ കെ എം ഷാജിക്ക് എതിരാളിയാവാന്‍ മാധ്യമ മുഖമായ നികേഷ്‌കുമാര്‍ രംഗത്ത് ഇറങ്ങുകയെന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ ഉറപ്പിച്ചു നികേഷ് തന്നെ യോഗ്യന്‍. ഇരു വിഭാഗവും മണ്ഡലത്തിലെ നേട്ടങ്ങളും കോട്ടങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു അന്ന് വാശിയേറിയ പ്രചാരണം നടത്തിയത്.

ഒടുവില്‍ അങ്ങനെ പ്രചരണത്തിന്റെ ഭാഗമായി നികേഷ്‌കുമാറിന് കിണറ്റില്‍ വരെ ഇറങ്ങേണ്ടി വന്നു. ഇതോടെ സംഭവം  സോഷ്യല്‍ മീഡിയയും എതിരാളികളും ഏറ്റെടുത്തു.കിണറ്റിലിറങ്ങിയ നികേഷിനെ നന്നായി കളിയാക്കിയിരുന്നു. എന്തു പറയാനാണ് ഒടുക്കം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഷാജി രണ്ടായിരം വോട്ടിനു വിജയിച്ചു.മാധ്യമപ്രവര്‍ത്തനം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച നികേഷ്‌കുമാര്‍ ഒടുവില്‍ മാധ്യമ ധര്‍മ്മം ഏറ്റെടുത്ത് വാര്‍ത്താവതാരകന്റെ വേഷത്തില്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ തിരിച്ചെത്തി.കൂട്ടത്തില്‍ ഹൈക്കോടതിയില്‍ കേസും കൊടുത്തു. ഷാജിയുടെ വിജയം വര്‍ഗീയ പ്രചാരണത്തിലൂടെയാണെന്നായിരുന്നു നികേഷിന്റെ പരാതി.പരാതി കോടതി സ്വീകരിച്ചു.ഇപ്പോഴിതാ വിധിയും വന്നു.

കോടതി വിധിയും, ഷാജിയുടെ നിലപാടും

ശബരിമലയിലും ജയിലിലും കുടുങ്ങി ഉഴറുകയായിരുന്ന ഇടതുപക്ഷത്തിന് ആശ്വസിക്കാന്‍ ഒരു വിധി വീണുകിട്ടിയപോലെ. കെ എം ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ചതായിരുന്നു ഹൈക്കോടതി വിധി.ആറ് വര്‍ഷത്തേക്കാണ് ഷാജി അയോഗ്യനായിരിക്കുന്നത്.മാത്രമല്ല, കോടതിയുടെ ഈ നടപടി ഷാജി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ്. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഈ വിധി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ കോടതി ചെലവ് നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി പോലുള്ള സാധ്യതകള്‍ ഷാജിക്ക് മുന്നില്‍ ഉണ്ടെങ്കിലും കെ.എം ഷാജിക്കും മുസ്ലീം ലീഗിനും അത് വഴി യു.ഡി.എഫിനും വലിയ ആഘാതമാണ് കോടതി വിധി ഉണ്ടാക്കിയിരിക്കുന്നത്. കെ.എം ഷാജിയുടെ നിയസഭാ അംഗത്വം കോടതി റദ്ദ്‌ചെയ്തത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നുറപ്പാണ്.

താന്‍ വര്‍ഗീയ പ്രചാരണം നടത്തി എന്ന പരാമര്‍ശം ഏറെ വേദനിപ്പിച്ചു എന്നു ഷാജി പറയുമ്പോള്‍ മുസ്ലീലീഗിലും തീവ്രവാദികളായ ചിലര്‍ ഉണ്ടെന്നതിന് തെളിവാണ് വിധിയെന്ന് സിപിഎം പ്രതികരിച്ചു. നിയമവഴിയില്‍ പോകുമെന്ന് ചെന്നിത്തലയും ലീഗും ഒരുപോലെ വ്യക്തമാക്കിക്കഴിഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഷാജി പ്രതികരിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് വിധികളില്‍ കോടതി ഇടപെടുന്നത് അപൂര്‍വ്വമല്ല. ഇതിനുമുമ്പും ഒട്ടനവധി തവണയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോടതിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളത്. പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അതിലൂടെ നേട്ടങ്ങളും നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്്. മാത്രമല്ല, പലപ്പോഴും രാഷ്ട്രീയ ഭൂപടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും കോടതി വിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

എല്ലാ കണ്ണുകളും ഇനി ഉറ്റുനോക്കുന്നത് ഇനി അഴീക്കോട്ടേക്കാണ്. ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവായെങ്കിലും നികേഷിനെ വിജയി ആയി പ്രഖ്യാപിക്കാതെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി ഉത്തരവ്. നിയമത്തിന്റെ വഴി ആയാലും തെരഞ്ഞെടുപ്പ് ആയാലും അപ്പോള്‍ രാഷ്ട്രീയ പോരാട്ടം ഇനി അഴീക്കോട്ടാണ്. ഹൈക്കോടതി വിധി പ്രകാരം ഉടന്‍തന്നെ ഒരു തെരഞ്ഞെടുപ്പിലേയ്ക്ക് അഴീക്കോട് പോകില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയൊരു തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുന്നതിന് മുന്‍പ് തന്നെ ഷാജിക്ക് സുപ്രീംകോടതിയില്‍ നിന്ന് ഒരു പക്ഷെ സ്റ്റേ വാങ്ങാന്‍ സാധിക്കും. പക്ഷെ തുടര്‍ന്ന് സുപ്രീം കോടതി വിധി എന്താവും എന്നതാണ് നിര്‍ണായകം. അഴീക്കോട് കാത്തിരിക്കുന്നത് തെരഞ്ഞെടുപ്പോ അതോ നിയമപോരാട്ടമോ എന്ന് കാത്തിരുന്നു കാണാം.
 


LATEST NEWS