ഇ പി ജയരാജന്‍റെ ഈ അഭിപ്രായമാണോ കേരളത്തിലെ സിപിഎമ്മിന് ഉള്ളതെന്ന് വ്യക്തമാക്കണം; കുമ്മനം രാജശേഖരൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ പി ജയരാജന്‍റെ ഈ അഭിപ്രായമാണോ കേരളത്തിലെ സിപിഎമ്മിന് ഉള്ളതെന്ന് വ്യക്തമാക്കണം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍റെ പ്രസ്താവന ചിരിയോടെയാണ് വായിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. മാർക്സിസ്റ്റ് പ്രസ്ഥാനം എത്തി ചേർന്ന പ്രതിസന്ധിയുടെ ആഴമാണ് ജയരാജന്‍റെ വാക്കുകളിൽ കൂടി പുറത്തുവന്നത്. ഇ പി ജയരാജന്‍റെ ഈ അഭിപ്രായമാണോ കേരളത്തിലെ സിപിഎമ്മിന് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പറയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

ആദ്ധ്യാത്മികതയും കമ്മ്യൂണിസവും വിപരീത ദിശകളിൽ സഞ്ചരിക്കുന്ന രണ്ട് ആശയഗതികളാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടതും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലെനിനിസ്റ്റ് പാത ഉപേക്ഷിച്ചോ എന്നും കുമ്മനം ചോദിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് ഒളിഞ്ഞും തെളിഞ്ഞും തടയിടാൻ നേതൃത്വം നൽകിയ പ്രസ്ഥാനമാണ് സിപിഎം. ക്ഷേത്രവും ഹിന്ദുവും എന്നത് പിന്തിരിപ്പനാണെന്നും വർഗ്ഗീയമാണെന്നും അണികളെ പറഞ്ഞ് പഠിപ്പിച്ച് അവരെ അതിനെതിരെ അണിനിരത്തിയിട്ട് ഇപ്പോൾ ക്ഷേത്രങ്ങളെ പുകഴ്ത്തി രംഗത്തെത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയുമല്ലാതെ മറ്റെന്താണ് എന്നും കുമ്മനം ചോദിച്ചു.