സി പി ഐ എം രാമായണ മാസം ആചരിക്കുന്നുവെന്ന പ്രചരണം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് പി രാജീവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി പി ഐ എം രാമായണ മാസം ആചരിക്കുന്നുവെന്ന പ്രചരണം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് പി രാജീവ്

എറണാകുളം: സി പി ഐ എം രാമായണ മാസം ആചരിക്കുന്നുവെന്ന രീതിയിൽ ചിലർ നടത്തുന്ന പ്രചരണം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ്. ഇക്കാര്യം പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. രാമായണത്തെ വർഗ്ഗീയ ആവശ്യങ്ങൾക്കായി ദുരുപയോഗപ്പെടുത്താനുള്ള സംഘപരിവാര ശ്രമങ്ങളെ തുറന്നു കാണിക്കുന്ന കാമ്പയിൻ സംസ്കൃത പണ്ഡിതരും അധ്യാപകരും ചേർന്നു രൂപീകരിച്ച സംസ്കൃത സംഘം നടത്തുന്ന കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

അതൊരു സി പി ഐ എം സംഘടനയേയല്ല. എന്നാൽ സംസ്കൃത ഭാഷയെയും ഇന്ത്യൻ സംസ്കൃതിയെയും വർഗ്ഗീയ ആവശ്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നതിനെതിരെ നിലപാട് ശക്തമായി സ്വീകരിക്കുന്ന സംഘടനയാണ്. കർക്കിടകത്തിൽ മാത്രം നടത്തുന്നതല്ല ഇവരുടെ കാമ്പയിനെന്നും വ്യക്തമാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ രാമായണത്തേയും മഹാഭാരതത്തേയും തങ്ങളുടെ കുത്തകയാക്കി രാഷട്രീയ ശ്രമങ്ങൾക്ക് വേണ്ടി ക്ഷേത്രാങ്കണങ്ങളെ വരെ ഉപയോഗിക്കുന്ന സംഘ പരിവാരത്തെ ഈ ശ്രമം അസ്വസ്ഥമാക്കിയിട്ടുണ്ടെന്നതാണ് ഹാലിളകിയ നുണപ്രചാരവേലയിൽ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

രാമായണത്തിനു തന്നെ നിരവധി വ്യഖ്യാനങ്ങളുണ്ട്. അതെല്ലാം സമൂഹം ചർച്ച ചെയ്യേണ്ടതാണ്. പ്രഭാഷകൻ കൂടിയായ സുനിൽ പി ഇളയിടം നടത്തിയ മഹാഭാരത പ്രഭാഷണ പരമ്പര ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. മഹാഭാരതത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം നടത്തിയ ഇടപ്പെടലുകൾ ശ്രദ്ധേയമായിരുന്നു . സംഘ പരിവാര വ്യാഖ്യാനത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന പ്രഭാഷണ പരമ്പര സ്വാമി സന്ദീപാനന്ദഗിരി നടത്തുകയുണ്ടായി. ഇതൊന്നും സി പി ഐ എം പരിപാടി ആയിരുന്നില്ല.

എന്നാൽ ഹിന്ദുത്വ ശക്തികള ഇതും വിറളിപിടിപ്പിച്ചിരുന്നു - മഹാഭാരതവും രാമായണവും പ്രാചീന ദർശനവും സങ്കുചിത ലക്ഷ്യങ്ങൾക്കായി വർഗ്ഗീയ ശക്തികൾക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവും ഇത്തരം ഇടപ്പെടലുകളിലുണ്ട്. പ്രാചീന കാലം മുതൽ വിവിധ മേഖലകളിൽ ഇന്ത്യയുടെ സംഭാവനകൾ നിസ്തുലമാണ് . എന്നാൽ, ഇതുവരെയുള്ളതും ഇനി കണ്ടു പിടിക്കാനുള്ളതുമെല്ലാം ഭാരതത്തിന്റെ സംഭാവനയാണെന്നും ഇതിനപ്പുറത്ത് മറ്റൊന്നുമില്ലെന്ന അബദ്ധ പ്രചാരണത്തെ തുറന്ന് എതിർക്കേണ്ടതുണ്ട്. സംഘപരിവാരം സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന പ്രചാരവേല ഉപ്പുതൊടാതെ വിഴുങ്ങി നിലപാട് പരസ്യപ്പെടുത്തി സി പി ഐ എം വിർശനം നടത്തുന്നവർ വസ്തുതകൾ മനസ്സിലാക്കുമെന്നും പ്രതീക്ഷിക്കുന്നു എന്നും പി രാജീവ് പറഞ്ഞു.


LATEST NEWS