കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നു പി കെ കുഞ്ഞാലിക്കുട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നു പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യസഭാ സീറ്റ് സംബന്ധിച്ചു കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപത്തെ പരിഹസിച്ച് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. സീറ്റ് കേരള കോണ്‍ഗ്രസിനു കൈമാറിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും രണ്ടു ദിവസത്തിനകം എല്ലാം കെട്ടടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

നലവില്‍ യുഡിഎഫ് ശ്രദ്ധിക്കേണ്ടത് മുന്നണിയെ ശക്തിപ്പെടുത്താനാണ്. കൂടുതല്‍ സീറ്റ് നേടാനും ബിജെപിക്കെതിരെ സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സീറ്റ് മാണിക്ക് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് കുഞ്ഞാലിക്കുട്ടിയും ലീഗുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനൽകിയതിൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ ആവർത്തിച്ചു. യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇത്തരം തീരുമാനങ്ങൾ ഭാവിയിലെങ്കിലും എടുക്കാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് വിവാദം കോൺഗ്രസിൽ പൊട്ടിത്തെറികൾ സൃഷ്ടിക്കുന്നതിനിടെ വിവാദങ്ങളും വിമര്‍ശനങ്ങളും കേട്ടടങ്ങുന്നില്ല. പാര്‍ട്ടിയെ വിമര്‍ശിച്ചു യുവനെതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്ന് വി.ടി.ബൽറാം എംഎൽഎ ആവശ്യപ്പെട്ടു. കേരളത്തിലെ കോൺഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അർഹിക്കുന്നുവെന്ന് പറഞ്ഞ ബൽറാം ദീർഘവീക്ഷണത്തോടെ ചിന്തിക്കുകയും പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കുകയും ചെയ്യുന്ന, പൊതുസമൂഹത്തിന് മുൻപിൽ വിശ്വാസ്യത പുലർത്തുന്ന നേതൃത്വമാണ് പാർട്ടിക്ക് വേണ്ടതെന്നും വ്യക്തമാക്കി. പുതിയ കാലത്തിന്‍റെ രാഷ്ട്രീയം പറയാനറിയാവുന്ന നേതൃത്വമാണ് പാർട്ടിക്ക് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു. 

എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ച് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് ശവപ്പെട്ടി. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയാണ് പ്രവർത്തകരുടെ വ്യത്യസ്തമായ പ്രതിഷേധം.

കഴിഞ്ഞ ദിവസം മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിൽ മുസ്‌ലിം ലീഗിന്റെ കൊടി കെട്ടി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ ലീഗ് കൊടി പ്രത്യക്ഷപ്പെട്ടത്. 

രാജ്യസഭാ സീറ്റ് കെ എം മാണിക്ക് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ കളിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായാകാം കോൺഗ്രസ് ഓഫീസിൽ ലീഗ് കൊടി വന്നത് എന്ന നിഗമനത്തിലാണ് പ്രവർത്തകർ.