സംസ്ഥാനത്തെ അടുത്ത സര്‍ക്കാരില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാകും; തുഷാര്‍ വെള്ളാപ്പള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്തെ അടുത്ത സര്‍ക്കാരില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാകും; തുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: സംസ്ഥാനത്തെ അടുത്ത സര്‍ക്കാരില്‍ ബിഡിജെഎസും ഉണ്ടാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അടുത്ത മന്ത്രിസഭയില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാകുമെന്നാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. ഒരു കക്ഷിയുടെ സഖ്യകക്ഷിയാകാന്‍ വേണ്ടി മാത്രം തുടങ്ങിയതല്ല ഈ പാര്‍ട്ടിയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. 

95 ശതമാനം സ്ഥലങ്ങളിലും ഇപ്പോള്‍ ബൂത്ത് കമ്മിറ്റികളായി. പത്ത് ജില്ലകളില്‍ പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ബിഡിജെഎസിനെ സംബന്ധിച്ചിടത്തോളം അധികാരത്തില്‍ എത്തുക എന്നതാണ് പ്രധാനം എന്നും തുഷാര്‍ വ്യക്തമാക്കി. ഒരു തരത്തിലും ബിഡിജെഎസിനെ അനുവദിക്കുകയില്ലെന്ന് പറഞ്ഞിരുന്നവര്‍ പോലും ഇന്ന് മുന്നണിയിലേക്ക് ക്ഷണിക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിഡിജെഎസ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.