ഒരു കിറ്റ് മരുന്ന് പോലും എത്തിക്കാനുള്ള സൗകര്യം ആരോഗ്യമന്ത്രി ഒരുക്കിയിട്ടില്ലെന്ന് വി.ഡി സതീശന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു കിറ്റ് മരുന്ന് പോലും എത്തിക്കാനുള്ള സൗകര്യം ആരോഗ്യമന്ത്രി ഒരുക്കിയിട്ടില്ലെന്ന് വി.ഡി സതീശന്‍ 

കൊച്ചി:  ആരോഗ്യവകുപ്പിനും മന്ത്രി കെ.കെ.ശൈലജയ്ക്കുമെതിരെ പറവൂര്‍ എം.എല്‍.എ വി.ഡി സതീശന്‍ രംഗത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്   പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ മന്ത്രി തയ്യാറായില്ലെന്നും ഒരു കിറ്റ് മരുന്ന് പോലും എത്തിക്കാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും  വി.ഡി സതീശന്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളായി മന്ത്രിയെ പലതവണ വിളിച്ചു. കിട്ടാത്തതിനാല്‍ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറെ വിളിച്ചപ്പോള്‍ എല്ലാം തയ്യാറാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടും പറവൂരിലേക്ക് ഒന്നും എത്തിയില്ല. ഒടുവില്‍ ഞായറാഴ്ച രാവിലെ എല്ലാ നിയന്ത്രണങ്ങളും വിട്ട് മന്ത്രിയോട് സംസാരിക്കേണ്ടി വന്നു. പിന്നീട് ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരു ഡോക്ടര്‍ വിളിക്കുകയും പത്ത് മെഡിക്കല്‍ ടീമിനെ ഇങ്ങോട്ട് അയക്കാമെന്നു പറയുകയും ചെയ്യുകയായിരുന്നു വി.ഡി സതീശന്‍ പറഞ്ഞു. ഒരുകിറ്റ് മരുന്നുപോലും ആരോഗ്യവകുപ്പില്‍നിന്ന് ഇതുവരെ കിട്ടിയിട്ടില്ലെന്നും, മരുന്നുകള്‍ സ്വകാര്യമായി സംഘടിപ്പിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വി.ഡി സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തെ സതീശന്റെ പ്രതികരണം കണ്ടിരുന്നു. മരുന്നും മറ്റും ലഭിക്കുന്നില്ലെന്നു പറയുന്നതും കേട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇങ്ങോട്ടു വിളിക്കുന്നതിന് മുമ്പ് തന്നെ അങ്ങോട്ടു ഫോണില്‍ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. ഞായറാഴ്ച രാവിലെ എം.എല്‍.എ വിളിക്കുമ്പോള്‍ ചെങ്ങന്നൂരിലേക്കുള്ള യാത്രയിലായിരുന്നു. മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് എം.എല്‍.എയുടെ വിളി വന്നത്. അതിനാലാണ് അപ്പോള്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ പോയത്. തുടര്‍ന്ന് തിരിച്ചുവിളിച്ചു. വളരെ രോഷാകുലനായാണ് അദ്ദേഹം സംസാരിച്ചത് മന്ത്രി പറഞ്ഞു.


LATEST NEWS