വിഴിഞ്ഞം പദ്ധതി ഇടത്തേക്ക് ചാഞ്ഞപ്പോള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിഴിഞ്ഞം പദ്ധതി ഇടത്തേക്ക് ചാഞ്ഞപ്പോള്‍

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നതിന് മുമ്പു തന്നെ വിവാദങ്ങളും ആരംഭിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരാര്‍ ഒപ്പിട്ടതിന് ശേഷവും പിന്നീടുണ്ടായ ചര്‍ച്ചകളിലും ഒക്കെ വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. തുടക്കം മുതല്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതിയെ  അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് ശക്തമായി എതിര്‍ക്കുകയും ചെയ്തു. എല്ലാ ചര്‍ച്ചകളിലും തെരഞ്ഞെടുപ്പില്‍ പോലും അദാനിക്ക് വിറ്റ വിഴിഞ്ഞം കരാര്‍ എന്ന രീതിയിലായിരുന്നു കാര്യങ്ങള്‍. എന്തിന് തെരഞ്ഞെടുപ്പ് പത്രികയില്‍ വിഴിഞ്ഞം കരാറില്‍ മാറ്റം കൊണ്ടുവരും എന്ന് തന്നെ എല്‍ഡിഎഫ് പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കരാര്‍ അതുപോലെ തന്നെ നിലനിര്‍ത്തിക്കൊണ്ടുപോവാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്. അന്ന് കരാറിനെതിരെ ഘോര ഘോരം ശബ്ദം ഉയര്‍ത്തിയ കോടിയേരി ബാലകൃഷ്ണനും തോമസ് ഐസകുമൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണത്തിന് കീഴില്‍ നിശബ്ദരാണ്. 

കരാര്‍ സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്ന സിഎജി റിപ്പോര്‍ട്ട് വന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമൊന്നും നടത്തിയിട്ടില്ലെന്നുള്ളത് വാസ്തവമാണ്. നിലവില്‍ നാല്‍പ്പത് വര്‍ഷത്തെ കരാറാണുള്ളത്. എന്നാല്‍ 80 വര്‍ഷം വരെ നീട്ടാനുള്ള നിബദ്ധനകളും കരാറില്‍ പറയുന്നു. സിഎജി വ്യക്തമായി പറയുന്നു വിഴിഞ്ഞം തുറമുഖ കരാറില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല നിലവിലെ കരാര്‍ പൊതുജനങ്ങള്‍ക്കോ കേരളത്തിനോ നേട്ടമുണ്ടാക്കുന്നില്ല. പദ്ധതിക്കായി കേരളം ആകെ ചെലവിന്‍റെ  67 ശതമാനമാണ് മുടക്കുന്നത്. അദാനി ഗ്രൂപ്പ് മുടക്കുന്നത് 33 ശതമാനമാണ്. എന്നാല്‍ ഇത്രയും മുടക്കിയിട്ടും കേരളത്തിന്‍റെ ലാഭം 13, 948 കോടി രൂപയാണെന്നും ചെറിയ ശതമാനം മുതല്‍മുടക്കുന്ന അദാനി ഗ്രൂപ്പിന്‍റെ ലാഭം 1.5 ലക്ഷം കോടി രൂപയാണ്. ഇത് മാത്രമല്ല സിഎജി പദ്ധതിയുമായി ബന്ധപ്പെട്ട് ചോദിച്ച പല കാര്യങ്ങളിലും വ്യക്തമായി മറുപടി നല്‍കാന്‍ സര്‍ക്കാരിനോ കമ്പനിക്കോ കഴിഞ്ഞിട്ടില്ല. 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് സാമ്പത്തികമായി പദ്ധതി വിജയകരമല്ലെന്ന് തന്നെയാണ്. അതില്‍ ഏറ്റവും അപകടകരമായ കാര്യം ഭൂമിയും ആസ്തിയും സര്‍ക്കാരിന്‍റെ ആയിരിക്കും എന്നു പറയുന്നുണ്ടെങ്കിലും കമ്പനിക്ക് ഈ ഭൂമിയും കരാറും ഉല്‍പ്പന്നങ്ങളും പണയം വെക്കാന്‍ സാധിക്കുമെന്നാണ്. തുറമുഖത്തെത്തുന്ന കണ്ടെയ്നറുകള്‍ക്കും കപ്പലുകള്‍ക്കും നിരക്ക് നിശ്ചയിക്കുന്നതിന് അധികാരം അദാനി ഗ്രൂപ്പിന് നല്‍കണമെന്ന കരാറും അപകടം തന്നെയാണ്. മൊത്തം പദ്ധതി പ്രദേശത്തിന്‍റെ മൂന്നിലൊന്ന് സ്ഥലം അദാനിയുടെ സ്വകാര്യ കമ്പനിക്ക് റിയല്‍ എസ്റ്റേറ്റായി വിട്ടു നല്‍കണം. വാണിജ് പ്രാധാന്യമുള്ള ഒരു തുറമുഖമെന്ന നിലയിലോ പ്രകൃതിദത്ത തുറമുഖമെന്ന നിലയിലോ വിഴിഞ്ഞത്തെ പരിഗണിക്കാനാവില്ല. 

7525 കോടി രൂപക്കാണ് 2015ല്‍ വിഴിഞ്ഞം പദ്ധതിക്കായി കേരള സര്‍ക്കാരും അദാനി ഗ്രൂപ്പും കരാര്‍ ഒപ്പിട്ടത്. അന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് മാത്രം മതി കാര്യങ്ങളെ ശരിക്കങ്ങ് മനസിലാക്കാന്‍. മലയാളിയുടെ വികസന മോഹങ്ങളുടെ മറവില്‍ 6000കോടി രൂപ വില വരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കകുന്നത്. പൊതുമേഖലാ ധനസ്ഥാപനങ്ങളില്‍ നിന്ന് 1600 കോടി രൂപ എടുക്കാവുന്നതേയുള്ളൂ. അതിന് പകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനി്ക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. തുടര്‍ന്ന് പദ്ധതി അദാനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് പിണറായി വിയജന്‍ രൂക്ഷമായി എതിര്‍ക്കുന്ന വാക്കുകള്‍ കാണാന്‍ കഴിയും. 2028ല്‍ ദശലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ലക്ഷ്യമിടുന്നത്. ദുബായ്, സിംഗപ്പൂര്‍, കൊളംബോ തുടങ്ങിയ തുറമുഖങ്ങളോടായിരുന്നു ആദ്യം മുതലേ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞത്തെ ഉപമിച്ചിരുന്നത്. പക്ഷേ, അവരോട് മത്സരിക്കാന്‍ തക്ക അവസ്ഥയിലല്ല വിഴി‍ഞ്ഞം എന്നത് സാമാന്യബുദ്ധിയില്‍ തന്നെ ചിന്തിച്ചാല്‍ മനസിലാകും. 12ഉം 15ഉം 40 ഉം ദശലക്ഷം കണ്ടെയനറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്ഥലത്ത് വെറും ദശലക്ഷം കൊണ്ട് മത്സരിക്കാന്‍ പോയിട്ട് എന്ത് കാര്യം. 

വളരെ കൊട്ടിഘോഷിച്ച് തുടങ്ങിയ വല്ലാര്‍പാടം പദ്ധതി ഊര്‍ദ്ധശ്വാസം വലിക്കുന്ന കാര്യം ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നു. വല്ലാര്‍പാടത്ത് നിന്ന് 225 കിലോമീറ്റര്‍ മാത്രം ദൂരമാണ് വിഴിഞ്ഞത്തേക്കുള്ളത്. 2500 കോടി സംസ്ഥാന ഫണ്ടും 700കോടി ഡ്രഡ്ജിങും ഒക്കെയുള്ള വല്ലാര്‍പാടത്തെ സഹായിക്കാതെ മറ്റൊരു പദ്ധതിയുമായി മുന്നോട്ടു നീങ്ങിയപ്പോള്‍ തന്നെ അതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 60 രാജ്യങ്ങളില്‍ പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന ദുബായ് പോര്‍ട്ട് വേള്‍ഡിന് ലാഭത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്ത വല്ലാര്‍പാടം മുന്നില്‍ ഉദാഹരണമായി നില്‍ക്കുമ്പോഴായിരുന്നു വിഴിഞ്ഞം പദ്ധതിക്കായി കരാര്‍ വരുന്നത്. ഗുജറാത്തിലും  മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലും മധ്യപ്രദേശിലെ ചിന്‍ദ്വാരയിലും ഒക്കെ അദാനി തുടങ്ങിയ പദ്ധതികളെക്കുറിച്ച് പഠിച്ചാല്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകും. അവിടങ്ങളിലെല്ലാം വിവാദങ്ങളും വലിയ സമരങ്ങളും ഉണ്ടായിരുന്നതിന് കാരണവും അദാനി ഗ്രൂപ്പിന്‍റെ പറ്റിക്കലാണെന്ന് മനസിലാകും. വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെടുക്കാനല്ലാതെ ഇത്തരം ഒരു പദ്ധതിക്ക് അവര്‍ മുന്നിട്ടിറങ്ങും എന്ന് വിശ്വസിക്കുന്നത് തന്നെ വലിയ വിണ്ഡിത്തമാണ്. 


പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് പ്രദേശവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയും സമരത്തിലേക്ക് പോവുകയും ചെയ്തു. കടലില്‍ പൈലിങ് നടത്തുമ്പോള്‍ പ്രദേശത്തെ വീടുകള്‍ വിണ്ടു കീറുകയും അപകടകരമായ രീതിയില്‍ പോകുന്ന തങ്ങളുടെ ജീവന് സംരക്ഷണം വേണമെന്നും പൈലിങ് നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സമരക്കാരുമായി സര്‍ക്കാര്‍ പല തവണ ചര്‍ച്ചകള്‍ നടത്തി. പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെങ്കിലും അവസാന വട്ട ചര്‍ച്ചയില്‍ സമരക്കാര്‍ പിന്‍മാറി. പക്ഷേ, പുനരധിവാസവും വീടുകളുടെ കേടുപാടുകളിലും ഒന്നും ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞില്ല. ചുരുക്കിപ്പറഞ്ഞാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഒന്നും ഒത്തുതീര്‍പ്പായില്ല. 13 ഗ്രാമങ്ങളിലായി 55,677 മത്സ്യത്തൊഴിലാളികളെയാണ് വിഴിഞ്ഞത്ത് നിന്ന് കുടിയൊഴിപ്പിക്കേണ്ടി വരിക. ഇവരുടെ കാര്യത്തില്‍ ആദ്യമുണ്ടാക്കിയ കരാറില്‍ പുനരധിവാസത്തെക്കുറിച്ച് പറ‍ഞ്ഞിട്ടേയില്ല. ആദ്യത്തെ കരാര്‍ തന്നെ പിന്തുടരുന്നതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനും ഇവരുടെ പുനരധിവാസത്തെക്കുറിച്ച് പറയേണ്ടതില്ല. പുതുക്കിയ കരാറുണ്ടാക്കാനും പ്രയാസമാണ്. ആകെ 7525 കോടി ചെലവ് വരുന്ന പദ്ധതിയില്‍ ഏതാണ്ട് 6000 കോടിയുടെ അഴിമതിയാണ് മുന്‍കാലങ്ങളില്‍ പിണറായി വിജയന്‍ ആരോപിച്ചത്.  ഇന്ന് അത്തരം ആരോപണങ്ങള്‍ പോയിട്ട് പ്രതിപക്ഷവും പദ്ധതിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് വി എം സുധീരന്‍ മാത്രമാണ് അന്നും ഇന്നും വിഴിഞ്ഞ പദ്ധതിയില്‍ അഭിപ്രായ വ്യത്യാസം ഉള്ളത്. മറ്റുള്ളവര്‍ക്ക് ഒരക്ഷരം മിണ്ടാനും കഴിയില്ല. കൊട്ടിഘോഷിച്ച് പദ്ധതി തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണ്. മൗനം പാലിക്കാതെ വേറെന്തു ചെയ്യാന്‍. എങ്കിലും നിലവില്‍ നിര്‍മാണം മുടങ്ങുന്ന അവസ്ഥ പല തവണ ആവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷത്തിന് മൗനം വെടിയാവുന്നതാണ്. അതും പലപ്പോഴും ഉണ്ടാകുന്നില്ല. സമരം മൂലം പൈലിങും പുലിമുട്ട് നിര്‍മാണവും പല തവണ മുടങ്ങി. ഓഖി വന്നപ്പോഴും നിര്‍മാണ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ഈ കാലങ്ങളിലൊക്കെ സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്ടമാണുണ്ടായത്. വിവാദങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയും ചെയ്തതത് കൂടാതെ അദാനി പോര്‍ട്ട് സിഇഒ സന്തോഷ്  മഹാപാത്ര രാജിവെച്ചു. രാജി മുന്നോട്ടുള്ള പോക്കിനെ വീണ്ടും തടസപ്പെടുത്തുമെന്ന് ചര്‍ച്ചകളുണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തിലെല്ലാം മൗനം പാലിക്കുകയാണ്. സിഇഒ രാജിവെച്ചതുകൊണ്ട് അദാനി ഗ്രൂപ്പിന് യാതൊന്നും സംഭവിക്കില്ലെന്നായിരുന്നു ഗ്രൂപ്പിന്‍റെ ഉദ്യോഗസ്ഥരുടെ പ്രതികരണം. പക്ഷേ, അവസാന ഘട്ടത്തോടടുക്കുമ്പോള്‍ എന്തിനാണ് രാജി എന്നത് ചിന്തിക്കേണ്ടതു തന്നെയാണ്. 1000 ദിവസം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ലെങ്കിലും പൂര്‍ണ സംതൃപ്തിയോടെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതായിരിക്കണം അദ്ദേഹം മുന്നേ തന്നെ പടിയിറങ്ങിയത്. അതും ഗുജറാത്തില്‍ നിന്നുള്ള തുറമുഖ നിര്‍മാണ രംഗത്തെ പ്രമുഖരില്‍ പ്രമുഖനായ അദ്ദേഹം രാജിവെച്ച് മാറി നില്‍ക്കുമ്പോള്‍ ഗ്രൂപ്പിനുള്ളിലെ ചരട് വലികള്‍ എത്രത്തോളം കടുത്തതാണെന്ന് വ്യക്തമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് അദ്ദേഹം തിരികെ വിമാനം കയറുന്നതിന് മുമ്പ് ഓഫ് റെക്കോര്‍ഡായി പറഞ്ഞതെങ്കിലും അതിലെത്രത്തോളെ വിശ്വാസം ഉണ്ടെന്നുള്ളത് സംശയമാണ്.

തുടങ്ങിയ കാലം മുതല്‍ വിവാദങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും ഒക്കെയായി വിഴിഞ്ഞം പദ്ധതി മുന്നോട്ടു നീങ്ങുകയാണ്. പക്ഷേ, പദ്ധതി എന്ന് പൂര്‍ത്തീകരിക്കുമെന്നോ പൂര്‍ത്തീകരിച്ചാല്‍ തന്നെ എത്രമാത്രം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നോ യാതൊരു ഉറപ്പുമില്ല. വല്ലാര്‍പാടത്തെക്കാളും പരാജയമായിപ്പോകുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞ് വിശ്വസിപ്പിച്ച കാര്യങ്ങള്‍ വിശ്വാസയോഗ്യമാണോ, നിലവില്‍ എന്താണ് അവസ്ഥ ഇതൊന്നും സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. നിര്‍മാണ പ്രവര്‍ത്തനം  ഇടക്ക് വെച്ച് മുടങ്ങുമ്പോള്‍ അദാനി ഗ്രൂപ്പിന് കത്തയച്ചു എന്ന് മാത്രമാണ് പുറത്തേക്ക് വരുന്ന വാര്‍ത്തകള്‍. അല്ലെങ്കില്‍ കല്ല് ലഭിക്കാത്തതിനാല്‍ നിര്‍മാണം മുടങ്ങിയെന്നാവും വാര്‍ത്തകള്‍ വരിക. ക്വാറി സമരം വരുമ്പോള്‍ നിര്‍മാണം മുടങ്ങി എന്നുള്ള വാര്‍ത്തയും ഉണ്ടാകും. അതിലപ്പുറമൊന്നും പുറംലോകത്തിന് ഇപ്പോഴും അറിയില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അങ്ങനെത്തന്നെ നില്‍ക്കുന്നു എന്നതില്‍ കവിഞ്ഞ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നും വ്യക്തമാക്കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല.v


LATEST NEWS