സൗദി - ഈജിപ്ത് സമുദ്രാതിര്‍ത്തി കരാറിന് ഈജിപ്ത് മന്ത്രിസഭയുടെ അംഗീകാരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗദി - ഈജിപ്ത് സമുദ്രാതിര്‍ത്തി കരാറിന് ഈജിപ്ത് മന്ത്രിസഭയുടെ അംഗീകാരം

സൗദി - ഈജിപ്ത് സമുദ്രാതിര്‍ത്തി കരാറിന് ഈജിപ്ത് മന്ത്രിസഭയുടെ അംഗീകാരം.ജനുവരി 16ന് കരാര്‍ ഈജിപ്ത് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.സൗദി അറേബ്യയും ഈജിപ്തും തമ്മില്‍ ഏപ്രില്‍ മാസത്തില്‍ ഒപ്പുവെച്ച സമുദ്രാതിര്‍ത്തി കരാറിനാണ് ഈജിപ്ത് മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കിയത്.കരാറനുസരിച്ച് ചെങ്കടലിലുള്ള തൈറാന്‍, സനാഫീര്‍ ദ്വീപുകള്‍ ഇനി സൗദിക്ക് അവകാശപ്പെട്ടതായിരിക്കും.ജനുവരി 16ന് ചേരുന്ന ഈജപ്ഷ്യന്‍ പാര്‍ലമെന്‍റില്‍ കരാറിന്‍മേലുള്ള ചര്‍ച്ചയും ഭരണഘടനാപരമായ നിയമാനുമതി തേടലും നടക്കുമെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സല്‍മാന്‍ രാജാവിൻ്റെ  ഈജിപ്ത് പര്യടനത്തിനിടെ 2016 ഏപ്രില്‍ 18നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ സമുദ്രാതിര്‍ത്തി കരാര്‍ കയ്റോവില്‍ ഒപ്പുവെച്ചത്.ഈ ദ്വീപുകളെ ബന്ധിപ്പിച്ച് ഇരു രാജ്യങ്ങള്‍ക്കുമടിയില്‍ കടല്‍പാലം നിര്‍മിക്കാനും സൗദിയും ഈജിപ്തും ധാരണയിലത്തെിയിരുന്നു.അറബ് ഉപദ്വീപിനെ ആഫ്രിക്കന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പാലം പദ്ധതി ഈജിപ്തില്‍ നിന്ന് ആരംഭിക്കുമെന്നും പദ്ധതി സൗദിയുടെ ചെലവില്‍ പൂര്‍ത്തിയാക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.സീന കടലോരത്തുനിന്ന് ആറ് കിലോമീറ്റര്‍ അകലത്തില്‍ 80 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തൈറാനും 33 കിലോമീറ്റര്‍ ചുറ്റളവുള്ള സനാഫീറും ചെങ്കടലിലെ തന്ത്രപ്രധാന ദ്വീപുകളായാണ് കണക്കാക്കപ്പെടുന്നത്. 

1967ലെ അറബ് ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ കപ്പലുകളെ തടയാന്‍ ഈജിപ്ത് സേന തൈറാന്‍ കടലിടുക്ക് അടച്ചിട്ടിരുന്നു.കടല്‍പാലം പദ്ധതി യാഥാര്‍ഥ്യമായാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സൗദിയിലേക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള യാത്ര സുഖകരവും ചെലവുകുറഞ്ഞതുമായിത്തീരും.