മെഡിക്കല്‍ ഇന്‍ഷുറന്‍സ്;സമയപരിധി അവസാനിക്കാന്‍ ഇനി നാലു നാളുകള്‍ കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെഡിക്കല്‍ ഇന്‍ഷുറന്‍സ്;സമയപരിധി അവസാനിക്കാന്‍ ഇനി നാലു നാളുകള്‍ കൂടി

ദുബൈയില്‍ ആശ്രിതവിസയില്‍ ഉള്ളവരെ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി നാലു നാളുകള്‍ കൂടി.എല്ലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.പുതുവര്‍ഷം മുതല്‍ ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാവുകയാണ്. വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നത് പല കമ്പനികളും ഇതിനകം തന്നെ നിര്‍ത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അപേക്ഷകള്‍ വര്‍ധിച്ച തോതിലാണ് സ്വീകരിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ പ്രതികരിച്ചു.ഈ മാസം അവസാനിക്കും മുമ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഫൈന്‍ നല്‍കേണ്ടി വരും. ഇതു മറികടക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി കുടുംബങ്ങള്‍ നെട്ടോട്ടത്തിലാണ്. 

ജനുവരി മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവരുടെ വിസ പുതുക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.നിലവിലുള്ള വീസ മാര്‍ച്ചില്‍ റദ്ദാക്കുന്നവര്‍ക്കും രണ്ടു മാസത്തേക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധം.40 ലക്ഷം പേര്‍ ഇന്‍ഷുറന്‍സ് അപേക്ഷ സമര്‍പ്പിച്ചതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി മേധാവി ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു.ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്തവര്‍ ജനുവരി മുതല്‍ പ്രതിമാസം 500 ദിര്‍ഹം ഫൈന്‍ നല്‍കണം.സ്പോണ്‍സറാണ് അനുയോജ്യമായ പോളിസി നല്‍കി ജീവനക്കാരെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്.അപേക്ഷകരുടെ അവകാശങ്ങള്‍ ലംഘിക്കാതെ വേണം കമ്പനികള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാര്‍ രൂപപ്പെടുത്തേണ്ടതെന്ന് ദുബൈ ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കി.ഇന്‍ഷുറന്‍സ് കാര്‍ഡിലോ രേഖയിലോ തിരിമറി നടത്തി പണം തട്ടിയാല്‍ നടപടി ഉറപ്പാണെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.


Loading...