സ്​ട്രെച്ചർ സൗകര്യമുള്ള ടിക്കറ്റ്​: നിരക്ക്​ വർധനയിൽനിന്ന് എയർ ഇന്ത്യ​ ഗൾഫ്​ സെക്​ടർ ഒഴിവാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്​ട്രെച്ചർ സൗകര്യമുള്ള ടിക്കറ്റ്​: നിരക്ക്​ വർധനയിൽനിന്ന് എയർ ഇന്ത്യ​ ഗൾഫ്​ സെക്​ടർ ഒഴിവാക്കി

പ്രതിഷേധത്തെ തുടർന്ന് രോഗികളെ കൊണ്ടുപോകുന്നതിനുള്ള സ്​ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റി​​ന്റെ വർധിപ്പിച്ച നിരക്കിൽ നിന്ന്​ എയർ ഇന്ത്യ ഗൾഫ്​ സെക്​ടറിനെ ഒഴിവാക്കി. നിരക്ക് വര്‍ധന സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ പ്രവാസികളും അവരുടെ സംഘടനകളും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. 

ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളില്‍ സ്‌ട്രെച്ചര്‍ ടിക്കറ്റിന് പഴയ നിരക്ക് തന്നെ ഈടാക്കിയാല്‍ മതിയെന്ന് കാണിച്ചുള്ള സര്‍ക്കുലര്‍ ഓഫിസുകളില്‍ എത്തിയതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. സാധാരണ ടിക്കറ്റിന്റെ ആറിരട്ടിയും നികുതിയുമടങ്ങിയതായിരുന്നു സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക്. ഇത് ഏകദേശം 4600 ദിര്‍ഹം മുതല്‍ 7000 ദിര്‍ഹം വരെയായിരുന്നു. ഇതാണ് ജൂലൈ 20 മുതല്‍ അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നത്.

നിരക്ക് വര്‍ധന പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. പ്രവാസികള്‍ക്ക് താങ്ങാനാവാത്ത നിരക്ക് വര്‍ധനയാണ് എയര്‍ ഇന്ത്യ വരുത്തിയതെന്ന് മുഖ്യമന്ത്രി കത്തില്‍ കുറ്റപ്പെടുത്തി.


LATEST NEWS