118-മത് അമേരിക്കന്‍ സാഹിത്യ സല്ലാപത്തില്‍ ‘ലാന’ – ചര്‍ച്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

118-മത് അമേരിക്കന്‍ സാഹിത്യ സല്ലാപത്തില്‍ ‘ലാന’ – ചര്‍ച്ച

ഡാലസ്:  സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ലാന’ യെക്കുറിച്ചുള്ള ചര്‍ച്ച ആയിട്ടായിരിക്കും നടത്തുക. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരുടെ സംഘടനയാണ് ‘ലാന’. ‘ലാന’യുടെ ഭാരവാഹികളും, അംഗങ്ങളും, അഭ്യുദയകാംഷികളും ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, ‘ലാന’യെക്കുറിച്ചും ‘ലാന’ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഹൂസ്റ്റണില്‍ പ്രളയ ബാധിതരായ മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ദുരിതാവസ്ഥയിലും പ്രയാസങ്ങളിലും സാഹിത്യ സല്ലാപ ഭാരവാഹികള്‍ സഹതാപം അറിയിച്ചു. കാര്യങ്ങളെല്ലാം  വേഗം പൂര്‍വ്വ സ്ഥിതിയില്‍ എത്തട്ടെ എന്ന് ആശംസിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ശനിയാഴ്ച നടക്കുന്ന സാഹിത്യ സല്ലാപത്തില്‍ ഹൂസ്റ്റണില്‍ നിന്നും ജോര്‍ജ്ജ് മണ്ണിക്കരോട്ട്, എ. സി. ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്ത് തല്സ്ഥിതി ‘ലൈവായി’ വിവരിക്കുന്നതാണ്.

 2017 ഓഗസ്റ്റ്‌ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പതിനേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഇളമതയോടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. ഫൊക്കാന, ലാന എന്നിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഒരു നല്ല വാഗ്മി കൂടിയാണ്. അദ്ദേഹത്തിന്‍റെതായി ധാരാളം സാഹിത്യ ഗ്രന്ഥങ്ങള്‍  മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയില്‍ സ്ഥിരതാമാസക്കരനായ പ്രവാസി മലയാളിയാണ് അദ്ദേഹം. മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുകയും ആദരിക്കുകയും അതിന്‍റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഇളമത. ഇളമതയെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൃതികളെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ചര്‍ച്ചകളും  വളരെ പ്രയോജനകരമായിരുന്നു.

ഡോ. എന്‍. പി. ഷീല, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്‌, സജി കരിമ്പന്നൂര്‍, മാത്യു നെല്ലിക്കുന്ന്, തോമസ്‌ കൂവള്ളൂര്‍, അബ്ദുല്‍ പുന്നയൂര്ക്കളം, പി. ടി. പൗലോസ്‌, തോമസ്‌ അലക്സാന്‍ഡര്‍, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, ജോണ്‍ തോമസ്‌, ജോസഫ്‌ മാത്യു, ജേക്കബ്‌ കോര, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്  1-857-232-0476 കോഡ് 365923


LATEST NEWS