ബലിപെരുന്നാൾ: 42,000 ആടുകൾ ഇന്ത്യയിൽ നിന്ന് എത്തി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബലിപെരുന്നാൾ: 42,000 ആടുകൾ ഇന്ത്യയിൽ നിന്ന് എത്തി 

ഷാര്‍ജ: ബലിപെരുന്നാൾ ആവശ്യത്തിനുള്ള ആടുകളെ  ഇന്ത്യയില്‍ നിന്ന് എത്തിച്ചു തുടങ്ങി. ഷാര്‍ജ അന്താരാഷ്​ട്ര വിമാനതാവളത്തില്‍ ഇതിനകം 1400 ആടുകളെ വഹിച്ച പ്രത്യേകം സജ്ജമാക്കിയ 30 വിമാനങ്ങളാണ് എത്തിയത്. 15 വിമാനങ്ങളില്‍ കൂടി ആടുകളെ കൊണ്ടുവരും. 63,000 ആടുകളാണ് ഷാര്‍ജയില്‍ മാത്രം വിമാനം ഇറങ്ങുക. മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിലും കന്നുകാലികള്‍ ഉടനെ എത്തും. ഇതിന് ശേഷമായിരിക്കും മാടുകള്‍ വിമാനമിറങ്ങുകയെന്നാണ് അറിയുന്നത്. 

അഹമ്മദാബാദ്, ഹൈദരാബാദ്, നാസിക് എന്നിവിടങ്ങളില്‍ നിന്നാണ് ആടുകളെ എത്തിച്ചിരിക്കുന്നത്. മാടുകളും ഇവിടെ നിന്ന് തന്നെയായിരിക്കും എത്തുകയെന്നാണ് അറിയുന്നത്. ഇന്ത്യൻ ആടുകള്‍ക്ക് വന്‍ പ്രിയമാണ് യു.എ.ഇയില്‍. വന്‍ വിലയൊന്നും വകവെക്കാതെ ഇന്ത്യന്‍ ആടുകളെ കാത്തിരിക്കുന്ന സ്വദേശികള്‍ നിരവധിയാണ്. ബലിയറുക്കാനും വീട്ടിലെ ആവശ്യത്തിനും ആടുകളെ വാങ്ങുന്നവരുണ്ട്.  കാലാവസ്ഥ വ്യതിയാനം മൂലം മൃഗങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാനുള്ള എല്ലാമുന്‍കരുതലുകളും പാലിച്ചാണ് ആടുകളെ ചന്തകളിലേക്ക് മാറ്റുന്നത്. നാസിക്കിലെ ഒസാര്‍ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് കൂടുതല്‍ ആടുകളും മാടുകളും വിമാനം കയറുക. ഷാര്‍ജ കാലിചന്തയില്‍ ഇതിനകം തന്നെ ഇന്ത്യന്‍ ആടുകളുടെ വില്‍പ്പന ആരംഭിച്ചു. നല്ല തൂക്കമുള്ള ആടുകളാണ് എത്തിയതിലധികവും. അറബികള്‍ക്ക് പുറമെ മറ്റ് രാജ്യക്കാരും ഇന്ത്യൻ ആടുകളെ ഇഷ്​ടപ്പെടുന്നു. 25 കിലോ തൂക്കം വരുന്ന ഇന്ത്യന്‍ ആടുകളുടെ പരമാവധി വില 1500 ദിര്‍ഹമാണ്. എന്നാല്‍ വിലയില്‍ മാറ്റങ്ങള്‍ പ്രകടമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.