ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണം

ഷാര്‍ജ:  ഇന്ത്യയില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള കേന്ദ്രങ്ങളുള്ളതുപോലെ ഗള്‍ഫ് രാജ്യങ്ങളിലും വേണമെന്ന് ആവശ്യമുയരുന്നു. ഇന്ത്യയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ ആവശ്യം. മറ്റു വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഭൂരിഭാഗം ഇന്ത്യക്കാരും ജോലിചെയ്യുന്നത് ഗള്‍ഫിലാണ്.

യു.എ.ഇ.യില്‍  താമസിക്കുന്ന 26 ലക്ഷത്തോളം ഇന്ത്യക്കാരണ്  ആധാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് .നിരവധി പ്രാദേശിക സംഘടനകള്‍ വളരെ മുന്‍പേ തന്നേ ഈ ആവിശ്യം അറിയിച്ചിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിദേശങ്ങളിലെ വിസ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാട്ടിലെ സര്‍ക്കാര്‍ സംബന്ധമായ മിക്ക ആവശ്യങ്ങള്‍ക്കും ആധാര്‍ ആവശ്യപ്പെടുന്നുണ്ട്.

ഗള്‍ഫിലെ സ്‌കൂളുകളില്‍നിന്നും ഉപരിപഠനത്തിനു നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. എട്ടുമുതല്‍ മുതിര്‍ന്ന ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പഠനം നാട്ടിലെ സ്‌കൂളുകളിലേക്ക് മാറ്റുന്നത് വളരെ സാധാരണമാണ്. ഈ സാഹചര്യത്തില്‍ നാട്ടില്‍ പ്രവേശന പരീക്ഷകള്‍ക്കടക്കം ആധാര്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയാണെന്ന് മലയാളികളായ രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഹ്രസ്വ അവധിയെടുത്ത് നാട്ടില്‍ പോയിവരുന്നവര്‍ക്ക് ആധാറിന് അപേക്ഷിച്ച് കാര്‍ഡ് ലഭിക്കാനുള്ള സമയം കുറവായതാണ് പ്രശ്നം. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമടക്കം ആധാര്‍ കാര്‍ഡില്ലാതെ തടസ്സം നേരിടുകയാണ്.

ഗള്‍ഫില്‍ പ്രത്യേകിച്ച് യു.എ.ഇ.യില്‍ ആധാര്‍ അപേക്ഷാകേന്ദ്രങ്ങളില്ലാത്ത സാഹചര്യം ഗൗരവമുള്ളതാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹിം പറഞ്ഞു. കേന്ദ്ര, കേരള സര്‍ക്കാര്‍ പ്രതിനിധികളുടെ മുന്നില്‍ ഈ പ്രശ്നം ഉന്നയിക്കും. കേരളത്തിലെ അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് ആധാര്‍ വിവര ശേഖരണത്തിനുള്ള ചുമതല. അക്ഷയുടെ ഉപകേന്ദ്രം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യത്തിന് ശ്രമിക്കുമെന്ന് വൈ.എ. റഹിം അറിയിച്ചു. ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ആര്‍.ഐ. സെല്‍ ആധാര്‍ കേന്ദ്രങ്ങള്‍ ഗള്‍ഫില്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഷാര്‍ജ എന്‍.ആര്‍.ഐ. സെല്‍ പ്രതിനിധി അരുണ്‍കുമാര്‍ പറഞ്ഞു.


LATEST NEWS