ഇത്തവണ 23.5 ലക്ഷം പേര്‍ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത്തവണ 23.5 ലക്ഷം പേര്‍ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു

മിനാ:  വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി മിനായിലെ ജംറയില്‍ കല്ലേറുകര്‍മം തുടരുന്നു. ശനിയാഴ്ച ജംറത്തുല്‍ ഊല, ജംറത്തുല്‍ വുസ്ത, ജംറത്തുല്‍ കുബ്‌റ എന്നീ മൂന്ന് ജംറകളിലും ഹാജിമാര്‍ കല്ലേറുകര്‍മം നടത്തി. ആദ്യദിനമായ വെള്ളിയാഴ്ച ജംറയിലെ ഏറ്റവുംവലിയ പിശാചിന്റെ പ്രതീകത്തിനുനേരെയായിരുന്നു കല്ലേറുകര്‍മം നിര്‍വഹിച്ചിരുന്നത്.

ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഒടുവില്‍ പുറത്തിറക്കിയ കണക്കുപ്രകാരം ഈവര്‍ഷം 23,52,122 പേര്‍ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു. ഇവരില്‍ 17,52,014 തീര്‍ഥാടകര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ആഭ്യന്തര തീര്‍ഥാടകര്‍ 6,00,108 പേരാണ്.

 

ഓരോ രാജ്യത്തിനുകീഴിലുമുള്ള ഹാജിമാര്‍ക്ക് കര്‍മം നടത്താന്‍ പ്രത്യേക സമയക്രമമാണുള്ളത്. ജംറയിലെ തിരക്ക് ഒഴിവാക്കാനായിരുന്നു ക്രമീകരണം. കല്ലേറുകര്‍മം നടത്തിയ ഹാജിമാര്‍ ശനിയാഴ്ചയും മിനായില്‍ത്തന്നെ തങ്ങി. 

500 ക്യാമറകളുടെ സഹായത്തോടെയാണ് ജമറാത്തില്‍ ഹാജിമാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. ജംറയിലേക്കുള്ള വഴികളില്‍ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ 182 ചെക്‌പോയന്റുകളാണുള്ളത്. 

ജംറയിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ സുരക്ഷാവിഭാഗം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 40 ഡിഗ്രി ഷെല്‍ഷ്യസാണ് മിനായിലെ താപനില. ഞായറാഴ്ച മൂന്നാം ദിവസത്തെ കല്ലേറുകര്‍മം നടത്തിയശേഷം ഹാജിമാര്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മിനാതാഴ്വാരം വിട്ടുതുടങ്ങും.


LATEST NEWS