ഫിലിപ്പീൻസ് യുവതിയുടെ കൊലപാതകം ;  മൂന്നു മലയാളികൾക്ക് ജീവപര്യന്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫിലിപ്പീൻസ് യുവതിയുടെ കൊലപാതകം ;  മൂന്നു മലയാളികൾക്ക് ജീവപര്യന്തം

കുവൈറ്റില്‍ കൊലപാതകക്കേസില്‍ മൂന്ന് മലയാളികള്‍ക്ക് ജീവപര്യന്തം.ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് കുവൈത്ത് സുപ്രീംകോടതിയുടെ വിധി. കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പരോള്‍ നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് കഠിന തടവ് വിധിച്ചത്.

യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ ഫ്ലാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്നാണ് കേസ്. 2014 ഫെബ്രുവരിയിൽ ഫർവാനിയയിലാണ് സംഭവം. പാക്സ്ഥാൻ സ്കൂളിന് സമീപം ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

തീപിടിത്തത്തെ തുടർന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തിൽനടത്തിയ ഫൊറൻസിക് പരിശോധനയിൽ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻ‌പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സി‌വിൽ ഐഡിയും ബാങ്ക് കാർഡുമാണ് അന്വേഷണം മലയാളി യുവാക്കളിൽ എത്തിച്ചത്.

കുവൈത്തിൽ ബേക്കറി ജീവനക്കാരായിരുന്നു മൂന്നുപേരും. പലിശക്ക് പണം കൊടുക്കാറുണ്ടായിരുന്ന യുവതിയിൽനിന്ന് അജിത് വാങ്ങിയ സംഖ്യ തിരിച്ചടക്കാതിരിക്കാനാണ് കൊലപാതകം ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്

 

അതേസമയം കൊല നടത്തിയതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പ്രതികളെ വെറുതെ വിട്ടിരുന്നു. എന്നാൽ, കീഴ്ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ പരോൾ അനുവദിക്കരുത് എന്ന പരാമർശത്തോടെയാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.