ലോക കേരളസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപികരിച്ചു; പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുള്ള വരുമാനമാര്‍ഗ്ഗവും എന്ന കമ്മിറ്റിയിൽ സിബി ഗോപാലകൃഷ്ണൻ നിയമിതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക കേരളസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപികരിച്ചു; പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുള്ള വരുമാനമാര്‍ഗ്ഗവും എന്ന കമ്മിറ്റിയിൽ സിബി ഗോപാലകൃഷ്ണൻ നിയമിതനായി

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ തുടർ പ്രവർത്തനങ്ങൾക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ മാതൃകയിൽ ഏഴു സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുള്ള വരുമാനമാര്‍ഗ്ഗവും എന്ന കമ്മിറ്റിയിൽ വെസ്റ്റ് ഇൻഡീസിൽ നിന്നും സിബി ഗോപാലകൃഷ്ണൻ നിയമിതനായി. കഴിഞ്ഞ 15 വർഷം ആയി വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയയിൽ താമസിക്കുന്ന സിബി ലോക കേരള സഭയിൽ ലാറ്റിൻ അമേരിക്ക-കരിബീയൻ രാജ്യങ്ങളിൽ നിന്നുള്ള ഏക പ്രതിനിധിയാണ്.

കരുനാഗപ്പള്ളി സ്വദേശിയായ സിബി  വെസ്റ്റ് ഇന്‍ഡീസിലെ സെന്റ് ലൂസിയയില്‍ ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനില്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ആയി ജോലി നോക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി സംഘടനകള്‍ ഉള്‍പ്പെടെ കരീബിയനിലെ മറ്റു സാമൂഹിക സേവന സംഘടനകളിലും പ്രവര്‍ത്തിക്കുന്നു. സെയിന്റ് ലൂസിയയില്‍ പത്‌നി ഡോ:രജനിക്കും മകന്‍ ഒമാറിനുമൊപ്പമാണ് താമസം.

ഡോ. കെ.ജെ.യേശുദാസ്, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, ഡോ. എം.എസ്.വല്യത്താൻ, ടി.ജെ.എസ്.ജോർജ് എന്നിവർ ഉൾപ്പെടെ 98 പേർ ഏഴു കമ്മിറ്റികളിലായുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായി ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നാം സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ പ്രമുഖ വ്യവസായി രവി പിള്ളയാണ്. പ്രവാസി നിക്ഷേപവും സുരക്ഷയും കൈകാര്യം ചെയ്യുന്ന രണ്ടാം സ്റ്റാൻ‌ഡിങ് കമ്മിറ്റിയെ എം.എം.യൂസഫലി നയിക്കും. 

പ്രവാസികളുടെ പുനരധിവാസം നോക്കേണ്ട കമ്മിറ്റിയിൽ ഡോ.ആസാദ് മൂപ്പനും, കുടിയേറ്റ കമ്മിറ്റിയിൽ സി.വി.റപ്പായിയും ചെയർമാൻമാരാണ്. പ്രവാസി വനിതകളുടെ ക്ഷേമത്തിനായുളള കമ്മിറ്റിയുടെ അധ്യക്ഷ സുനിത കൃഷ്ണനാണ്. സാംസ്കാരിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിൽ പ്രഫ. കെ.സച്ചിദാനന്ദൻ ചെയർമാൻ ആയപ്പോൾ പ്രവാസികളുടെ ക്ഷേമങ്ങൾക്കായി പ്രവർത്തിക്കുന്ന സമിതിയിൽ എഴുത്തുകാരൻ എം.മുകുന്ദനാണു ചെയർമാൻ.
 


LATEST NEWS