ഖത്തറില്‍ മലയാളം ഫിലിം സൊസൈറ്റി രൂപീകരിക്കാന്‍ ആലോചന. ചന്ദ്രമോഹന്‍ പിള്ള 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഖത്തറില്‍ മലയാളം ഫിലിം സൊസൈറ്റി രൂപീകരിക്കാന്‍ ആലോചന. ചന്ദ്രമോഹന്‍ പിള്ള 

ദോഹ. ഖത്തറില്‍ നിന്നുള്ള കൂടുതല്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി പുതിയ മലയാള ചിത്രം നിര്‍മിക്കുന്നത് സംബന്ധിച്ച് ഗൗരവത്തില്‍ ആലോചിക്കുന്നതായി വീരത്തിന്റെ നിര്‍മാതാവ് ചന്ദ്രമോഹന്‍പിളള അഭിപ്രായപ്പെട്ടു. ഖത്തറിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ നിനച്ചിരിക്കാതെ എന്ന ഹോം സിനിമയുടെ പ്രദര്‍ശനോദ്ഘാടനം ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നല്ല കഴിവുള്ള കുറേ കലാകാരന്മാര്‍ ഖത്തറിലുണ്ട്. പലരേയും വീരത്തില്‍ ഉള്‍പ്പെടുത്തമെന്നാഗ്രഹിച്ചിരുന്നു. നീണ്ട ഷ്യൂട്ടിംഗ് ഷെഡ്യൂളുകളും ലൊക്കേഷനുകളും പ്രവാസികള്‍ക്ക് പങ്കെടുക്കുവാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് പലരേയും പരിഗണിക്കുവാന്‍ കഴിയാതെ വന്നത്. എന്നാല്‍ പുതിയ ചിത്രം പ്രവാസികള്‍ക്കുകൂടി അഭിനയിക്കുവാന്‍ സൗകര്യപ്പെടുന്ന രീതിയില്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

ഖത്തറിലെ കലാകാരന്മാരെ പ്രോല്‍സാഹിപ്പിച്ച് വളര്‍ത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി ചലചിത്ര സംവിധായകരായ ലാല്‍ ജോസ്, ജയരാജ്, ഷാജി കൈലാസ് മുതലായവരുടെ സഹകരണത്തോടെ ദോഹയില്‍ ഒരു ഫിലിം സൊസൈറ്റി തുടങ്ങാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട പരിശീലന കളരികളും ചര്‍ച്ചകളുമൊക്കെ സംഘടിപ്പിക്കുന്ന സൊസൈറ്റി താല്‍പര്യമുള്ളവര്‍ക്ക് അഭിനയം, കാമറ, മറ്റു സാങ്കേതിക വിദ്യകള്‍ മുതലായവ പരിചയപ്പെടുത്തുവാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 
മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം. മുസ്തഫ, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വാര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍, സി.കെ. റാഹേല്‍ സംസാരിച്ചു. 

ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററിന്റെ കാഴ്ചയുമായി സഹകരിച്ച് മീഡിയ പ്‌ളസാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഹോം സിനിമയുടെ സൗജന്യ ഡി.വി.ഡികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു


Loading...