ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനം :  ഷാര്‍ജ ജയിലില്‍  നിന്ന് 149 ഇന്ത്യാക്കാര്‍ക്ക്  മോചനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനം :  ഷാര്‍ജ ജയിലില്‍  നിന്ന് 149 ഇന്ത്യാക്കാര്‍ക്ക്  മോചനം

ഷാര്‍ജ:  ഷാര്‍ജ ജയിലില്‍ മൂന്നു വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചിരുന്നവരെ മോചിപ്പിച്ചു. മലയാളികള്‍ അടക്കം 149 ഇന്ത്യാക്കാരെയാണ് വ്യാഴാഴ്ച മോചിപ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളടക്കം ചെറിയ കേസുകളില്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരാണിവര്‍.


ഇവരില്‍ ചില മലയാളികള്‍ കേരളത്തിലേക്ക് മടങ്ങി. കഴിഞ്ഞദിവസം, കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മോചനം. മോചിപ്പിക്കപ്പെട്ടവരില്‍ എത്ര മലയാളികളുണ്ടെന്നത് വ്യക്തമല്ല. ഇവരില്‍ 20 മുതല്‍ 68 വയസ്സ് വരെ പ്രായമുള്ളവരുണ്ട്.

കേരളത്തിന്റെ പ്രത്യേക അതിഥിയായെത്തിയപ്പോഴാണ് ഷാര്‍ജ ഭരണാധികാരി തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തവരൊഴികെ സ്‌പോണ്‍സര്‍മാരുമായുള്ള പ്രശ്‌നങ്ങളിലും തദ്ദേശീയരുമായുളള തര്‍ക്കങ്ങളിലും പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണ് മോചിപ്പിച്ചത്.

ഇവരുടെ 36 കോടി രൂപയോളം വരുന്ന ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഷെയ്ഖ് സുല്‍ത്താന്‍ ഇന്ത്യക്കാരുടെ മോചനം പ്രഖ്യാപിച്ചത്. ഈ പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു.

കേരള സന്ദര്‍ശനത്തിനിടെ ഷെയ്ഖ് സുല്‍ത്താന്‍, രാജ്ഭവനില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെ മോചനം ഉറപ്പുനല്‍കിയത്. മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളികളെ കേരളത്തിലേക്കു തിരിച്ചുവിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. എന്നാല്‍ ഇന്ത്യക്കാരെ മുഴുവന്‍ വിട്ടയയ്ക്കാമെന്നും അവരെ അവിടെത്തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കുകയായിരുന്നു.

സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെയാണു മോചിപ്പിച്ചത്. രണ്ടുകോടി യുഎഇ ദിര്‍ഹത്തിന്റെ വരെ (35.58 കോടി രൂപ) സാമ്പത്തിക ക്രമക്കേടില്‍ ഉള്‍പ്പെട്ടവരെയാണു നിരുപാധികം വിട്ടയച്ചത്. ജയില്‍മോചിതരായ ശേഷം ഷാര്‍ജയില്‍ത്തന്നെ അവര്‍ക്കു ജോലി ചെയ്യാമെന്നും ഷെയ്ഖ് സുല്‍ത്താന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ക്രിമിനല്‍ കേസ് പ്രതികള്‍ക്കു പൊതുമാപ്പ് ബാധകമല്ല.


LATEST NEWS