മൂടല്‍മഞ്ഞ് രൂക്ഷം; യുഎഇയില്‍ വിമാന യാത്രക്കാര്‍ ദുരിതത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മൂടല്‍മഞ്ഞ് രൂക്ഷം; യുഎഇയില്‍ വിമാന യാത്രക്കാര്‍ ദുരിതത്തില്‍

ദുബൈ: യുഎഇയുടെ പല ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂക്ഷം. വിമാന യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി വിമാന സര്‍വീസുകളെല്ലാം സമയം ക്രമീകരിച്ചും വൈകിയുമാണ് യുഎഇയില്‍നിന്ന് പുറപ്പെടുന്നത്. യുഎഇയിലേക്ക് എത്തുന്ന വിമാനങ്ങളാകട്ടെ വഴി തിരിച്ചുവിടുകയുമാണ്.

രാത്രിയും പുലര്‍ കാലങ്ങളിലുമായി പെയ്തിറങ്ങുന്ന കോടമഞ്ഞ് ദുബൈയിലും അബുദാബിയിലും ഏറ്റവും കൂടുതല്‍ പ്രയാസം സൃഷ്ടിച്ചത് വിമാന യാത്രക്കാര്‍ക്കാണ്. നിരവധി സര്‍വീസുകളാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. ഒട്ടേറെ സര്‍വീസുകള്‍ പുന:ക്രമീകരിക്കേണ്ടതായും വന്നു. അബുദാബി വിമാനത്താവളത്തെയാണ് പ്രതിസന്ധി രൂക്ഷം. 

വെള്ളിയാഴ്ച വരെ മൂടല്‍മഞ്ഞിന്റെ സാഹചര്യം തുടര്‍ന്നേക്കും. ഇതു കാരണം യാത്രക്കാരില്‍ പലരും പകല്‍ നേരത്തുള്ള വിമാന സര്‍വീസുകള്‍ തെരഞ്ഞെടുക്കുകയാണ്. റോഡ് ഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചു. പിന്നിട്ട രണ്ടു ദിവസങ്ങളിലായി ദുബൈയിലും അബുദാബിയിലും നിരവധി വാഹനാപകടങ്ങളാണുണ്ടായത്. ദൃശ്യപരിധി കുറഞ്ഞതിനാല്‍ നിശ്ചിതം അകലം പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. മൂടല്‍ മഞ്ഞ് വേളയില്‍ നിയമം ലംഘിക്കുന്ന വാഹന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം ഫൈന്‍ ഈടാക്കാനാണ് അബുദാബിയുടെ തീരുമാനം