അസാന്മാര്‍ഗിക വ്യാപാരതന്ത്രം;കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ സുപ്രധാന വിധി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അസാന്മാര്‍ഗിക വ്യാപാരതന്ത്രം;കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ സുപ്രധാന വിധി 

കൊല്ലത്തെ പ്രമുഖ ആശുപത്രിയില്‍ (ശങ്കേഴ്‌സ്) ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്ന കെ. രാമചന്ദ്രന്‍ നായര്‍  കെ.ആര്‍.സി.നായര്‍ (റിട്ട പ്രിന്‍സിപ്പല്‍, ദേവസ്വം ബോര്‍ഡ് കോളേജുകള്‍) 17 -06 -2012 ല്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ നാല് മണിയോടെ മരണപ്പെട്ടതാണ്. തുടര്‍ന്ന് അതിരാവിലെ തന്നെ കംപ്യുട്ടര്‍ പ്രിന്റില്‍ ഉള്ള 12891  രൂപയുടെ ഒരു ബില്ലും കൈപ്പടയിലെഴുതിയ 58000 രൂപയുടെ മറ്റൊരു ബില്ലും നല്‍കിയ ആശുപത്രി അധികൃതര്‍ ബില്‍ അടക്കാതെ ഭൗതിക ശരീരം വിട്ടു നല്‍കില്ല എന്ന് ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അതിരാവിലെ തന്നെ ആശുപത്രി ആവശ്യപ്പെട്ട മുഴുവന്‍ തുകയും അടച്ചു ഭൗതിക ശരീരം ഏറ്റുവാങ്ങിയതാണ്. 

\ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു അദ്ദേഹത്തിന്റെ മകന്‍ അഡ്വ. പി. ആര്‍ .നന്ദകുമാര്‍ 58000 രൂപയുടെ കൈപ്പടയിലെഴുതിയ ബില്ലിന്റെ വിശദ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നന്ദകുമാറിനെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. 30000 രൂപ ഡോക്ടര്‍ക്കു നല്‍കിയ ഫീസ് ആണെന്നും ബാക്കി സംഖ്യ മറ്റു സാധനങ്ങളുടെ വിലയും ആശുപത്രി ചാര്‍ജും ആണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഡോക്ടറെ നേരിട്ട് കണ്ടു വിവരങ്ങള്‍ തിരക്കിയപ്പോഴാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ കളവാണെന്നും അമിത ബില്‍ നല്‍കി ബന്ധുക്കളെ വഞ്ചിച്ചതാണെന്നും മനസ്സിലായത്. 

പിതാവിന്റെ ഭൗതികശരീരം പുലര്‍ച്ചെ ബന്ദിയാക്കി അമിത ബില്‍ നല്‍കി പണമീടാക്കിയ ആശുപത്രിയുടെ നടപടിക്കെതിരെ നന്ദകുമാര്‍ കൊല്ലം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുമ്പാകെ കേസ് ബോധിപിപ്പിക്കുകയായിരുന്നു. കൈപ്പടയില്‍ എഴുതിയ ബില്‍ തുകയെ സംബന്ധിച്ച് ഫോറം നടത്തിയ തെളിവെടുപ് സമയത്തും  ആശുപത്രി അധികൃതര്‍ക്ക് രേഖകള്‍ ഹാജരാക്കാനോ തുക ശെരിയായതാണെന്നു ഫോറത്തെ ബോധ്യപ്പെടുത്താനോ കഴിഞ്ഞില്ല. മാത്രമല്ല, തോക്കിന്‍മുനയില്‍ നിര്‍ത്തുന്ന പോലെ ഭൗതികശരീരം ബന്ദിയാക്കി അമിത ബില്‍ തുക ഈടാക്കിയ രീതി സേവനത്തിലെ അപര്യാപ്തതയും അസാന്മാര്‍ഗിക വ്യാപാരതന്ത്രവും ആണെന്ന് ഫോറം വിലയിരുത്തി. 

ബില്ലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന ആശുപത്രിക്കാരുടെ വാദം ഫോറം തള്ളിക്കളഞ്ഞു. പണമടക്കുന്ന രോഗിക്കും ബന്ധുക്കള്‍ക്കും തങ്ങള്‍ അടക്കുന്ന തുകയുടെ വിശദാംശങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന് ഫോറം വിലയിരുത്തി. 58000 രൂപയുടെ ബില്‍ ഏതൊക്കെ ഇനത്തിലാണെന്നു കാണിക്കാന്‍ ഫോറം മുമ്പാകെ പോലും രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രിക്കു കഴിഞ്ഞില്ല. 30  ദിവസത്തിനുള്ളില്‍ ബില്‍ തുകയുടെ വിശദാംശങ്ങള്‍ പരാതിക്കാരനായ നന്ദകുമാറിന് നല്‍കണമെന്നും അമിതമായി ഈടാക്കിയ തുക തിരിച്ചു നല്‍കണമെന്നും ഫോറം വിധിച്ചു. അത് ചെയ്യാത്ത പക്ഷം 25000 രൂപ എതിര്‍കക്ഷികള്‍ പരാതിക്കാരന് നല്‍കണം. കൂടാതെ 50000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും പരാതിക്കാരന് നല്‍കാനും വിധിച്ചിട്ടുണ്ട്. 

കൊല്ലം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് ഇ.എം.മുഹമ്മദ് ഇബ്രാഹിം, മെമ്പര്‍ എം.പ്രവീണ്‍ കുമാര്‍ എന്നിവരാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. കേസ് നല്‍കിയ പി. ആര്‍.നന്ദകുമാര്‍ കൊല്ലം ബാറിലെ അഭിഭാഷകനാണ്. അഭിഭാഷകരായ വരിഞ്ഞം എന്‍. രാമചന്ദ്രന്‍ നായര്‍, സുമിത് മോഹന്‍, ബോറിസ് പോള്‍ എന്നിവര്‍ മുഖേനെയാണ് നന്ദകുമാര്‍ ഫോറം മുമ്പാകെ കേസ് ബോധിപ്പിച്ചത്.  


LATEST NEWS