ദീപങ്ങളുടെ  ഉത്സവമായി  ദീപാവലി; എന്തിനാണ് ദീപാവലി ആഘോഷിക്കുന്നത്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദീപങ്ങളുടെ  ഉത്സവമായി  ദീപാവലി; എന്തിനാണ് ദീപാവലി ആഘോഷിക്കുന്നത്?

ദീപാവലി അറിയപ്പെടുന്നത് തന്നെ ദീപങ്ങളുടെ ഉത്സവം എന്നാണ്. രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അര്‍ത്ഥം. . തുലാംമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.ഹിന്ദു, ജൈന, സിഖം മത വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു. മണ്‍ചെരാതുകളില്‍ വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കപ്പെടുന്നു.

 

തിന്മക്കു മേല്‍ നന്മ നേടിയ വിജയമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ദേവതയാണ് ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിയെ ദീപാവലി ദിവസം പൂജിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കും എന്നാണ് വിശ്വാസം. ദീപാവലി ആഘോഷങ്ങള്‍ക്ക് പുറകില്‍ നിരവധി കഥകളുണ്ട്. രാമരാവണ യുദ്ധിത്തില്‍ രാവണനെ വധിച്ച ശേഷം വിജയശ്രീലാളിതനായി രാമന്‍ അയോദ്ധ്യയിലെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നൊരു വിശ്വാസമുണ്ട്. 


മറ്റൊരു ഐതിഹ്യം എന്ന് പറഞ്ഞാല്‍ ലക്ഷ്മീ ദേവിയുടേയും മഹാവിഷ്ണുവിന്റേയും വിവാഹദിനമാണ് ദീപാവലി ആഘോഷിക്കുന്നത് എന്നൊരു കഥയുമുണ്ട്. ഗണപതി, കാളി എന്നിവരുടെ അനുഗ്രഹാശിസ്സുകള്‍ ധാരാളം ലഭിക്കുന്ന ഒരു ദിവസമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിവസം നിരത്തുകളിലും വീടുകളിലും എല്ലായിടത്തും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. പൂക്കള്‍ കൊണ്ടും വര്‍ണപ്പൊടികള്‍ കൊണ്ടും രംഗോലി തീര്‍ത്ത് ആലങ്കരിക്കുന്നു.

 പല കാരണങ്ങള്‍ കൊണ്ടാണ് ദീപാവലി ആഘോഷം പൂര്‍ണതയില്‍ എത്തുന്നത്. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിനും മറ്റുമായി വീടുകളിലും ക്ഷേത്രങ്ങളിലും നിരവധി പൂജകളും മറ്റും നടത്തുന്നു. ഇരുട്ട് നിറഞ്ഞ ജീവിതത്തിന് വെളിച്ചം വീശുക എന്ന അര്‍ത്ഥത്തിലാണ് പലപ്പോഴും ദീപാവലി ദീപങ്ങളുടെ ആഘോഷമാക്കി മാറ്റുന്നത്.

വീട്ടിലേക്ക് ദേവിയെ ആനയിക്കുന്നതിനായി വീടിന്റെ മുറ്റത്ത് നിരവധി കോലങ്ങളും പുഷ്പങ്ങളും വെച്ച് പൂക്കളവും രംഗോലിയും തീര്‍ക്കുന്നു. സീതാദേവിയെ നേടി വിജയശ്രീലാളിതനായി വന്ന രാമനെ വരവേല്‍ക്കാനാണ് ഇത്തരം ഒരുക്കളങ്ങളെല്ലാം തന്നെ നടത്തുന്നതും. ഇതു കൂടാതെ ദീപാവലി ദിവസം മറ്റ് പല ആഘോഷങ്ങളും ഉണ്ടാവുന്നു. പല പ്രധാനപ്പെട്ട കളികളും ചൂതുകളിയും മറ്റും നടത്തുന്നു. ഇത് ദീപാവലി ദിവസം നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിനോടൊപ്പം ലക്ഷ്മീ ദേവി ചൂതുകളിക്കും ഈ ദിവസം എന്നതിന്റെ പ്രതീകമായാണ് ഇത്തരം ആചാരം പലരും നടത്തുന്നത്.