ഹജ്ജിനായി രാജ്യം പൂർണ്ണസജ്ജമെന്ന് അധികൃതർ   

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജ്ജിനായി രാജ്യം പൂർണ്ണസജ്ജമെന്ന് അധികൃതർ   

ഹജ്ജിന്റെ പൂർണ വിജയത്തിന് എല്ലാവിധ ഒരുക്കങ്ങളും സജ്ജമായതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മൻസൂർ അൽതുർക്കി  വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുരക്ഷ, ആരോഗ്യം, ഗതാഗതം, അടിസ്ഥാന സൗകര്യം തുടങ്ങി എല്ലാവിധ സംവിധാനങ്ങളും സജ്ജമാണ്. ഹാജിമാരുടെ സുരക്ഷക്കും സേവനത്തിനും ഒരു ലക്ഷം സേനയെ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിനിയോഗിക്കും. അപകട സാധ്യതയുള്ള ജംറാത്ത് പോലുള്ള മേഖലകളിൽ മികച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങൾക്കും  ജംറയിൽ കല്ലെറിയാൻ പ്രത്യേക സമയം ക്രമീകരിച്ചു നൽകിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ തയാറാണ് രാജ്യം. കൊടും ചൂടിൽ ഹാജിമാർക്ക് സൂര്യാതപമേൽക്കാതിരിക്കാൻ മിനായിലും അറഫയിലും വാട്ടർ സ്്പ്രേയറുകൾ ഒരുക്കിയിട്ടുണ്ട്. ആശുപത്രികളും മെഡിക്കൽ സംഘവും സജ്ജമാണ്. മശാഇർ ട്രെയിൻ ഉൾപെടെ ഗതാഗത സേവനം ഉറപ്പാക്കിയിട്ടുണ്ട്.

17 ലക്ഷത്തിലധികം വിദേശ തീർഥാടകർ മക്കയിലെത്തിക്കഴിഞ്ഞു. ഹറം വികസനം പൂർത്തിയായതിനാൽ ഇത്രയും തീർഥാടകർ എത്തിയിട്ടും യാ​തൊരു പ്രയാസവും ഉണ്ടായിട്ടില്ല. ഹജ്ജി​െൻറ സുരക്ഷക്ക് ഒരു ഭീഷണിയുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി മൻസൂർ അത്തുർക്കി വ്യക്തമാക്കി. തീവ്രവാദ ഭീകരവാദനീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തി​െൻറ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും ഏത് ഭീഷണയും നേരിടാൻ തയാറാണ്. ഓരോ ഹാജിയുടെയും സുരക്ഷ വളരെ പ്രധാനമാണ്. അച്ചടക്കമുള്ള ഹജ്ജാണ് രാജ്യം ആസൂത്രണം ചെയ്തത്. അതുകൊണ്ടാണ് അതിർത്തികവാടങ്ങളിൽ സുരക്ഷ കർശനമാക്കുന്നതും അനുമതിയില്ലാതെ ഹജ്ജിന് വരുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകുന്നതും. ഈ നടപടി ഫലവത്തായെന്നാണ് കഴിഞ്ഞ വർഷത്തെ അനുഭവം തെളിയിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഹജ്ജ് മന്ത്രാലയം പ്രതിനിധി ഹാതിം ഖാദി തുടങ്ങിയവരും വാർത്താസമ്മളനത്തിൽ പങ്കെടുത്തു. 


LATEST NEWS