കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കും; കടകംപള്ളി സുരേന്ദ്രൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കും; കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ആഗസ‌്റ്റ‌് 11ന‌് കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കുന്നതിന് തീരുമാനമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, അരുവിക്കര, ആലുവ, തിരുമുല്ലവാരം, ശംഖുംമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ബലിതർപ്പണത്തിന് സൗകര്യമൊരുക്കും. 

മുൻ വർഷങ്ങളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ തുടരുന്നതിനൊപ്പം ആവശ്യമായ പുതിയ ക്രമീകരണങ്ങളും ഒരുക്കും. ബലിതർപ്പണ മേഖലകൾക്ക് ചുറ്റുമുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുകയും കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തുകയും ചെയ്യും. സുരക്ഷാനടപടികൾ പൊലീസ് വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 

ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവല്ലം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്താനും ആവശ്യമായ പാർക്കിങ‌് സൗകര്യം കണ്ടെത്താനും നഗരസഭയെ ചുമതലപ്പെടുത്തി. ക്ഷേത്രപരിസരവും കടവുകളും വൃത്തിയാക്കാനും പോർട്ടബിൾ ടോയ്‌ലറ്റുകൾ സ്ഥാപിക്കാനും‌ തീരുമാനമായി. കൊല്ലം തിരുമുല്ലവാരത്തിലെയും ആലുവയിലെയും അതത് ജില്ലകളിൽ പ്രത്യേക യോഗം വിളിക്കും. വിവിധ വകുപ്പുകൾ ചെയ്ത ഒരുക്കങ്ങൾ വിലയിരുത്താൻ അടുത്തമാസം ആദ്യം വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.