ഇന്ന് മകരവിളക്ക്; ജ്യോതിദർശനത്തിനായി ഭക്തജനത്തിരക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന് മകരവിളക്ക്; ജ്യോതിദർശനത്തിനായി ഭക്തജനത്തിരക്ക്

ശബരിമലയെ ഭക്തിസാന്ദ്രമാക്കി മകരവിളക്ക് ഇന്ന്. ശരണ മന്ത്രവിളികളുമായി നിരവധി ഭക്തരാണ് മകരജ്യോതി തെളിയുന്നത് കാണാൻ കാത്തിരിക്കുന്നത്. സന്നിധാനത്തും പരിസരത്തുമുള്ള കാടുകളില്‍ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളില്‍ കാത്തിരിക്കുകയാണ് ഭക്തർ.

വിളക്കിന് മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത് നേരത്തെ തുടങ്ങിയിരുന്നു. മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പന്തളത്ത് നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്ന്  സന്നിധാനത്ത് എത്തിച്ചേരും.  ഉത്തരായണത്തിനു തുടക്കം കുറിച്ച് സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കു മാറുന്ന സംക്രമ മുഹൂര്‍ത്തമായ 1.47ന് അയ്യപ്പ സ്വാമിക്ക് സംക്രമാഭിഷേകവും പൂജയും നടക്കും. ഉച്ചയ്ക്ക് 12ന് പൂജ തുടങ്ങും.

ആദ്യം 25 കലശാഭിഷേകത്തോടെ ഉച്ചപൂജ. തുടര്‍ന്നു മകരസംക്രമ പൂജ 1.30ന് ആരംഭിക്കും. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തുവിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ മുഹൂര്‍ത്തത്തില്‍ അഭിഷേകം ചെയ്യും. പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും.

വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്. മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്.