മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. എരുമേലി പേട്ട തുള്ളല്‍, തിരുവാഭരണ യാത്ര, മകരജ്യോതി, പന്തള രാജാവിന്റെ ദര്‍ശനം, പമ്പസദ്യ, പമ്പവിളക്ക്, പെരുനാട്ടിലെ തിരുവാഭരണം ചാര്‍ത്തല്‍, തിരുവാഭരണ യാത്രയുടെ മടക്കം തുടങ്ങിയ ചടങ്ങുകളാണ് മകരവിളക്ക് കാലത്ത് നടക്കുക.

എരുമേലി പേട്ടതുള്ളല്‍ ജനുവരി 11 നാണ്. എരുമേലി കൊച്ചമ്പലത്തില്‍ നിന്നും തുടങ്ങി വലിയമ്പലം വരെയാണ് പേട്ടതുള്ളല്‍. അമ്പലപ്പുഴ സംഘം വാവര് പള്ളിയിലും കയറി മതസമന്വയത്തിന്റെ സന്ദേശവും പകരും. 

ജനുവരി 12നാണ് തിരുവാഭരണങ്ങള്‍ പന്തളത്ത് നിന്നും ശബരിമലയിലേക്ക് കാല്‍നടയായി കൊണ്ടു പോകുക. കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണ പേടകങ്ങള്‍ ശിരസ്സിലേന്തുക. പന്തള രാജപ്രതിനിധി രാജരാജവര്‍മ്മയും ആയിരക്കണക്കിന് അയ്യപ്പന്‍മാരും ഒപ്പമുണ്ടാകും.

ജനുവരി 14 നാണ് മകരവിളക്ക്. അന്ന് വൈകിട്ടോടെ തിരുവാഭരണങ്ങള്‍ സന്നിധാനത്തെത്തും. തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. 

ജനുവരി 19ന് പന്തള രാജപ്രതിനിധിയുടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് 20ന് രാവിലെ ശബരിമല നടയടയ്ക്കും. നട അടച്ചുകഴിഞ്ഞ് തിരുവാഭരണങ്ങള്‍ പന്തളത്തേക്ക് കൊണ്ടു പോകും. തിരികെ വരുമ്പോള്‍ ജനുവരി 21ന് പെരുനാട്ടിലെ ശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തും. 24 ന് രാവിലെ തിരുവാഭരണങ്ങള്‍ പന്തളത്ത് തിരികെ എത്തിക്കും.  തുടര്‍ന്ന് ആഭരണങ്ങള്‍ പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നതോടെ ഈ വർഷത്തെ മകരവിളക്കിന് സമാപനമാകും. 


LATEST NEWS