ഇന്ന് ശിവരാത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന് ശിവരാത്രി

തിരുവനന്തപുരം: ഭാരതമൊട്ടാകെയുളള ക്ഷേത്രസങ്കേതങ്ങൾ, വിശേഷിച്ചും ശിവക്ഷേത്രങ്ങൾ ഭക്തിയുടെ ലഹരിയിലാണ്. ശിവരാത്രി ദിവസമായ ഇന്ന് മിക്ക ക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ നിർമ്മാല്യം മുതൽക്കു തന്നെ ഭക്തജനങ്ങളുടെ പ്രവാഹമാണുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരം ശ്രീകണ്ഠേശ്വരം, പാറശ്ശാല തുടങ്ങിയ മഹാക്ഷേത്രങ്ങളിലും അഭൂതപൂർവ്വമായ തിരക്കാണനുഭവപ്പെട്ടത്.

 ഒരു പകലും രാത്രിയും നീണ്ടു നിൽക്കുന്ന ശിവരാത്രി ആചാരവൈവിദ്ധ്യം കൊണ്ടും, വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധികൊണ്ടും വേറിട്ടു നിൽക്കുന്നതാണ്. ശിവക്ഷേത്രങ്ങളിൽ വിശേഷമായി യാമപൂജ, അഭിഷേകം എന്നിവയും നടക്കും.എറണാകുളത്ത്, പാവക്കുളം, എറണാകുളത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രിദിനം വിശേഷമായി കൊണ്ടാടപ്പെടുന്നു.

 ആലുവ മണൽപ്പുറം പിതൃതർപ്പണാദികൾക്കായെത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കാൻ വിപുലമായ സന്നാഹങ്ങളോടെ സജീവമായിക്കഴിഞ്ഞു. ഇന്നലെ വൈകിട്ടു മുതൽ വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
വൈക്കം പെരും‌തൃക്കോവിൽ, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം, തൃശ്ശൂർ വടക്കും‌നാഥ ക്ഷേത്രം, മമ്മിയൂർ, ഉദയം‌പേരൂർ ഏകാദശി പെരും‌തൃക്കോവിൽ, വേളോർവട്ടം, വാഴപ്പളളി, ഉളിയന്നൂർ, എറണാകുളത്തപ്പൻ ക്ഷേത്രം, എങ്ങണ്ടിയൂർ മഹാദേവക്ഷേത്രം, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കണ്ടിയൂർ, കവിയൂർ, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, ചങ്ങൻകുളങ്ങര മഹാദേവക്ഷേത്രം, ചിറക്കടവ്, ചിറയ്ക്കൽ, ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം, തളി ശിവക്ഷേത്രം, തിരുനക്കര, തിരുമാന്ധാം‌കുന്ന്, തൃപ്പല്ലാവൂർ, തൃപ്രങ്ങോട്ട്, പാഴൂർ പെരും‌തൃക്കോവിൽ തുടങ്ങി കേരളത്തിലെ അസംഖ്യം ശിവക്ഷേത്രങ്ങളിലും ഇന്നു വിശേഷാൽ പൂജകളും, വഴിപാടുകളും നടക്കും.സുരക്ഷയടക്കമുളള വിപുലമായ സന്നാഹങ്ങളാണ് എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്കായി അതതു ക്ഷേത്രം അധികൃതർ ഒരുക്കിയിട്ടുളളത്.