അന്യഗ്രഹജീവികളും നമ്മോടൊപ്പം ഉണ്ടാകാമെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അന്യഗ്രഹജീവികളും നമ്മോടൊപ്പം ഉണ്ടാകാമെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: നമ്മളറിയാതെ അന്യഗ്രഹജീവികളും നമ്മളോടൊപ്പം ജീവിക്കുന്നുണ്ടാകാമെന്ന പരാമര്‍ശവുമായി നാസയിലെ ശാസ്ത്രജ്ഞന്‍. നാസയിലെ ഗവേഷകനായ സില്‍വിയോ പി കൊളമ്പാനോയുടേതാണ് ഈ വെളിപ്പെടുത്തല്‍. മനുഷ്യരുടെ സങ്കല്പത്തിലുള്ള രൂപത്തിലായിരിക്കില്ല മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത ഏതെങ്കിലും രൂപത്തിലായിരിക്കും അവര്‍ നമ്മോടൊപ്പമുണ്ടാവുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനാണ് സില്‍വിയോ പി കോളമ്പാനോ. ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമായിരിക്കാമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.മനുഷ്യര്‍ ശാസ്ത്ര പുരോഗതി നേടിയിട്ട് കേവലം 500 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും എന്നാല്‍ അതിനും എത്രയോ മുന്‍പ് അന്യഗ്രഹ ജീവികള്‍ ശാസ്ത്ര പുരോഗതിനേടി നമ്മെ തേടിയെത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോഴും സൂര്യന് അപ്പുറമുള്ള ഒരു നക്ഷത്രത്തിലേക്കുള്ള യാത്ര പോലും മനുഷ്യന് അസാധ്യമാണ്. ഇത്തരം ഒരു അവസ്ഥയില്‍ പ്രപഞ്ചത്തിന്റെ ഒരു മൂലയില്‍ നിന്നും ഇവിടെ അന്യഗൃഹ ജീവികള്‍ എത്തിയിട്ടുണ്ടെങ്കില്‍ അവ തീര്‍ച്ചയായും മനുഷ്യന്റെ ശാസ്ത്ര പുരോഗതിയുടെ ഒരു നൂറ് ഇരട്ടിയെങ്കിലും മുന്നിലാണ്. അങ്ങനെയുള്ളപ്പോള്‍ അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ അവരെപ്പറ്റിയുള്ള നമ്മുടെ സ്ഥിരം കാഴ്ചപ്പാടുകളെ മാറ്റി നിര്‍ത്തി പുതിയ പഠനം തന്നെ തുടങ്ങേണ്ടി വരും.

കൊളമ്പാനോയുടെ പ്രബന്ധം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയ്ക്ക്‌ വഴിവെച്ചിട്ടുണ്ട്. എത്രയോ വര്‍ഷങ്ങളായി അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള കെട്ടുകഥകളും അല്ലാത്തവയും നമ്മുടെ ഇടയില്‍ പ്രചരിക്കുന്നുണ്ട്. അടുത്തിടെയായി അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കൂടുകയും ചെയ്തു.അടുത്തിടെ അയര്‍ലാന്റ് തീരത്ത് യുഎഫ്ഒ കണ്ടതായി ചില വ്യോമയാന പൈലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയത് ഇതുവരെ ശാസ്ത്രലോകം നിഷേധിച്ചിട്ടില്ല. ഇത് കൂടാതെ കഴിഞ്ഞവര്‍ഷം സൗരയൂഥത്തില്‍ എത്തിയ ഔമാമുവ എന്ന പാറകഷ്ണം അന്യഗൃഹ പേടമാണെന്ന് അന്ന് വാദം ഉയര്‍ന്നിരുന്നു.


 


LATEST NEWS