കുള്ളന്‍ ഗാലക്സിയെ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുള്ളന്‍ ഗാലക്സിയെ കണ്ടെത്തി

ടോക്യോ: സൗരയൂഥം ഉള്‍കൊള്ളുന്ന ആകാശഗംഗ എന്ന താരാപഥത്തിന്‍െറ പ്രഭാവലയത്തില്‍ ഒളിച്ചിരിക്കുന്ന കുള്ളന്‍ ഗാലക്സിയെ കണ്ടെത്തി. ആകാശഗംഗയുടെ ഉപഗാലക്സിയാണിത്. ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും മങ്ങിയ ഉപഗാലക്സികൂടിയാണിതെന്ന് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയ ജപ്പാനിലെ തൊഹോകു സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു. 

ഗാലക്സികളുടെ ‘ജനനം’ സംബന്ധിച്ച പഠനങ്ങളില്‍ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ ഈ നിരീക്ഷണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, ശാസ്ത്രലോകത്തിന് ഇനിയും കൃത്യമായി പിടിതരാത്ത തമോദ്രവ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഈ കണ്ടെത്തല്‍ സഹായകമാകും.

സൂര്യനില്‍നിന്ന് 2.8 ലക്ഷം പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഈ ഗാലക്സിക്ക് വിര്‍ഗോ 1 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ആകാശത്ത് കന്നി രാശിയുടെ (വിര്‍ഗോ) ദിശയില്‍ കാണപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത്. ആകാശഗംഗയുടെ മറവില്‍ ഇനിയും ഇതുപോലുള്ള കുള്ളന്‍ ഗാലക്സികളുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. നിലവില്‍, 50ഓളം ഉപഗാലക്സികളെ ഇവിടെ കണ്ടത്തെിയിട്ടുണ്ട്. അതില്‍ 80 ശതമാനത്തിലധികവും ഏറെ മങ്ങിയ സ്വഭാവത്തിലുള്ളതാണ്.