ചന്ദ്രയാന്‍ രണ്ട് ദൗത്യം; ഐ.എസ്.ആര്‍.ഒയ്ക്ക് പ്രശംസയുമായി നാസ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചന്ദ്രയാന്‍ രണ്ട് ദൗത്യം; ഐ.എസ്.ആര്‍.ഒയ്ക്ക് പ്രശംസയുമായി നാസ

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് പ്രശംസയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുളള  ദൗത്യം പ്രചോദനാത്മകമായെന്ന് നാസ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് നൂറുശതമാനം വരെ വിജയം നേടിയെന്ന് വിലയിരുത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഭാവി ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. 
 ബഹിരാകാശം കഠിനമെന്ന ആമുഖത്തോടെയാണ് നാസ ചന്ദ്രന്റെ ദക്ഷിണധ്രവം തൊടാനുളള ഇന്ത്യന്‍ ദൗത്യത്തെ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകള്‍ തേടിയുളള ഭാവി ദൗത്യങ്ങള്‍ക്ക്    ഐ.എസ്.ആര്‍.യുടെ ശ്രമങ്ങള്‍ ഉപകരിക്കും. ബഹിരാകാശപര്യവേഷണങ്ങളില്‍ സംയുക്ത ശ്രമങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും നാസ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയും ഇസ്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ചന്ദ്രന് രണ്ടുകിലോമീറ്റര്‍ വരെ അടുത്തെത്തിയ ദൗത്യം അഭിനന്ദനാര്‍ഹമാണെന്ന് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണയുമായി യു.എ.ഇ ബഹിരാകാശ ഏജന്‍സിയും രംഗത്തെത്തി. സങ്കീര്‍ണമായ ദൗത്യത്തിലെ അവസാനഘട്ടത്തില്‍ നാമമാത്രമായ ഭാഗമാണ് നടക്കാതെ പോയതെന്നാണ് ഐ.എസ്.ആര്‍.ഓയുടെ വിലയിരുത്തല്‍. ഈ പോരായ്മ ഇസ്രോയുടെ ഭാവി ദൗത്യങ്ങള്‍ക്ക് തിരിച്ചടിയാകില്ലെന്ന് ചെയര്‍മാന്‍   കെ ശിവന്‍ വ്യക്തമാക്കി. ഗഗന്‍യാന്‍ അടക്കം ഒട്ടേറെ ദൗത്യങ്ങളുമായി ഏറ്റവും തിരക്കിലാണ് ശാസ്ത്രജ്ഞര്‍. 
 ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിന് ഏഴരവര്‍ഷത്തോളം ആയുസ് ലഭിക്കുന്നത് ചാന്ദ്രപഠനങ്ങള്‍ക്ക് കുതിപ്പേകുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കി. വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുളള ശ്രമം 13 ദിവസം കൂടി തുടരും.  ലാന്‍ഡറുമായുളള ബന്ധം നഷ്ടമാകാന്‍ കാരണമായതിനെക്കുറിച്ചും ഐ.എസ്.ആര്‍.ഒ വിശകലനം തുടരുകയാണ്.