ബുധന്റെ ദക്ഷിണാര്‍ധഗോളത്തില്‍ വലിയ താഴ്‌വര കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബുധന്റെ ദക്ഷിണാര്‍ധഗോളത്തില്‍ വലിയ താഴ്‌വര കണ്ടെത്തി

വാഷിങ്ടണ്‍: സൂര്യനോട് ഏറ്റവുമടുത്തുള്ള ഗ്രഹമായ ബുധന്റെ ദക്ഷിണാര്‍ധഗോളത്തില്‍ വലിയ താഴ്‌വര’ കണ്ടെത്തി. ബഹിരാകാശവാഹനമായ മെസഞ്ചര്‍ അയച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് നാസ ശാസ്ത്രജ്ഞര്‍ ഇതു തിരിച്ചറിഞ്ഞത്. കോടിക്കണക്കിന് വര്‍ഷങ്ങളായി ഗ്രഹം ചുരുങ്ങുന്നതിന്റെ സൂചനയാണ് താഴ്‌വരയെന്നാണ് നിഗമനം.

2011-15 കാലഘട്ടത്തില്‍ മെസഞ്ചര്‍ ബുധനെ ഭ്രമണം ചെയ്തപ്പോള്‍ അയച്ച ചിത്രങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് പുതിയ വിവരം ലഭ്യമായത്. ചിത്രങ്ങള്‍ ഉപയോഗിച്ച് ബുധന്റെ ഉപരിതലത്തിന്റെ ഭൂപടം നിര്‍മ്മിക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ഇത് ഉപയോഗിച്ചാണ് 1,000 കിലോമീറ്റര്‍ നീളമുള്ള വിശാലമായ താഴ്‌വര കണ്ടെത്തിയത്. ബുധനിലെ വലുതും പ്രായം കുറഞ്ഞതുമായ റെംബ്രന്റ് ഗര്‍ത്തത്തിലേക്ക് നീളുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ താഴ്‌വര. ഗോളം ചുരുങ്ങുന്നതിന്റെ ഫലമായാണ് ഇത് രൂപം കൊണ്ടതെന്ന് വാഷിങ്ടണ്‍ ഡിസിയിലുള്ള സ്മിത്‌സോണിയന്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ തോമസ് ആര്‍. വാട്ടേഴ്‌സ് പറഞ്ഞു.

400 കിലോമീറ്റര്‍ വീതിയും മൂന്ന് കിലോമീറ്റര്‍ ആഴവുമുള്ള ബുധനിലെ താഴ്‌വര’ ചൊവ്വയിലെ വാലെസ് മറിനെറിസ് താഴ്‌വരയേക്കാള്‍ ചെറുതാണ്. എന്നാല്‍ വടക്കേ അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ താഴ്‌വരയേക്കാള്‍ വലുതും, കിഴക്കന്‍ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയേക്കാള്‍ ആഴമേറിയതുമാണ് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2004 ആഗസ്റ്റ് 3നാണ് നാസയുടെ മെസഞ്ചര്‍ വാഹനം വിക്ഷേപിച്ചത്. 2008ലാണ് ബുധന്റെ ആദ്യ ചിത്രം മെസഞ്ചര്‍ അയച്ചത്. ബുധന്റെ അന്തര്‍ഭാഗം പാറക്കെട്ടുകള്‍ നിറഞ്ഞതും തണുത്തുറഞ്ഞതുമാണെന്നാണ് നേരത്തെ ഗവേഷകര്‍ കരുതിയിരുന്നത്.


Loading...
LATEST NEWS